എസിസി അദാനി ഏറ്റെടുത്തതിനു പിന്നാലെ ചന്ദ്രപുർ മൗണ്ട് കാർമൽ സ്കൂൾ നടത്തിപ്പിൽനിന്ന് സിഎംസി സന്യാസിനികൾ പിന്മാറി
Thursday, October 3, 2024 1:21 AM IST
ചന്ദ്രപുർ: അഞ്ചു പതിറ്റാണ്ടിലേറെയായി നോക്കിനടത്തിയിരുന്ന സ്കൂളിന്റെ നടത്തിപ്പിൽനിന്ന് പിന്മാറിയെന്ന് സിഎംസി (കോണ്ഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ) സന്യാസിനികൾ.
മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലുള്ള സിമന്റ് നഗറിൽ 1972 മുതൽ പ്രവർത്തിക്കുന്ന മൗണ്ട് കാർമൽ കോണ്‍വന്റ് സീനിയർ സെക്കൻഡറി സ്കൂളിന്റെ നടത്തിപ്പിൽനിന്നാണ് സിഎംസി സന്യാസിനികൾ പിന്മാറിയത്.
ഇന്ത്യയിലെ മുൻനിര സിമന്റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമന്റ് കന്പനി (എസിസി)യുടെ ഉടമസ്ഥതയിൽ പണികഴിപ്പിച്ച സ്കൂൾ 1972 മുതൽ സിഎംസി സന്യാസിനികളുടെ മേൽനോട്ടത്തിലാണു പ്രവർത്തിച്ചിരുന്നത്.
2022ൽ എസിസിയെ അദാനി ഏറ്റെടുക്കുകയായിരുന്നു. അദാനി ഫൗണ്ടേഷനാണ് ഇനി സ്കൂൾ നടത്തുക. അദാനി ഗ്രൂപ്പിന്റെ സാന്പത്തിക താത്പര്യങ്ങളും നയങ്ങളും തങ്ങളുടേതിൽനിന്നു വിഭിന്നമായതിനാൽ സ്കൂൾ നടത്തിപ്പിൽനിന്നു പിൻമാറുകയാണെന്നു മുൻ പ്രിൻസിപ്പൽ സിസ്റ്റർ ലീന അറിയിച്ചു.
എസിസിയുടെ ക്ഷണപ്രകാരമാണു തങ്ങൾ സ്കൂൾ ഏറ്റെടുത്തതെന്നും ഉൾപ്രദേശമായ ചന്ദ്രപുരിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന തങ്ങളുടെ ദൗത്യത്തിനു കന്പനി പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചർത്തു. പേരിൽ നിന്നു മൗണ്ട് കാർമൽ നീക്കം ചെയ്യണമെന്നും സിഎംസി അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2022ൽ സുവർണ ജൂബിലി ആഘോഷിച്ച സ്കൂളിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.