സ്വർണക്കടത്ത് കേസിൽ ഇഡിക്ക് സുപ്രീംകോടതിയുടെ വിമർശനം
Wednesday, October 2, 2024 4:10 AM IST
ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസ് പരിഗണിക്കവെ ഇഡിക്ക് സുപ്രീംകോടതിയുടെ വിമർശനം. ഹർജിയിൽ ഇഡിക്ക് വാദത്തിനു താത്പര്യമില്ലേയെന്ന് ജസ്റ്റീസുമാരായ ഹൃഷികേഷ് റോയ്, എസ്.വി. ഭട്ടി എന്നിവരുടെ ബെഞ്ച് ചോദിച്ചു.
വിചാരണ കേരളത്തിൽനിന്ന് കർണാടകയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇഡിക്ക് വാദത്തിനു താത്പര്യമില്ലെന്നു മനസിലായെന്നും കോടതി വിമർശിച്ചു.
കേരളത്തിൽനിന്ന് വിചാരണ കർണാടകയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി സുപ്രീംകോടതിയിൽ ട്രാൻസ്ഫർ ഹർജി സമർപ്പിച്ചത്. കർണാടകയിൽ ബിജെപി സർക്കാർ ഭരണത്തിലിരിക്കുന്പോഴാണ് ഈ ട്രാൻസ്ഫർ ഹർജി സമർപ്പിച്ചതെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.
ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരാകുമെന്നും അദ്ദേഹത്തിന്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നും ഇഡിയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണു കേസിൽ ഇഡിക്കു താത്പര്യമില്ലെന്ന നിരീക്ഷണം കോടതി നടത്തിയത്.
എന്നാൽ കഴിഞ്ഞ നാലു തവണയും അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരമാണു ഹർജി മാറ്റിയതെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ കപിൽ സിബൽ ഇഡിയുടെ ആവശ്യത്തെ എതിർത്തുകൊണ്ട് കോടതിയിൽ പറഞ്ഞു. കേസ് ആറ് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.