ഉയർന്ന ജാതിക്കാരനെതിരേ പോക്സോ പരാതി നൽകിയ ദളിതർക്ക് അയിത്തം
Sunday, September 15, 2024 2:27 AM IST
യാഡ്ഗിർ (കർണാടക): ഉയർന്ന ജാതിയിൽപ്പെട്ട യുവാവിനെതിരേ പോക്സോ കേസ് നൽകിയതിനു പ്രതികാരമായി കർണാടകയിൽ ദളിത് കുടുംബങ്ങൾക്കു സാമൂഹ്യ അയിത്തം കൽപ്പിച്ചതായി പരാതി.
യാഡ്ഗിർ ജില്ലയിലെ ഹുണസാഗിക്കു സമീപമുള്ള ഗ്രാമത്തിലെ ദളിത് കുടുംബങ്ങൾക്കെതിരേയാണ് ഉയർന്ന ജാതിക്കാരുടെ പകപോക്കൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ 20 കാരനായ യുവാവിനെതിരേ ദളിത് കുടുംബം പരാതിപ്പെട്ടിരുന്നു.
ദളിത് വിഭാഗത്തിൽപ്പെട്ടതാണെന്ന കാരണത്താൽ പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് വിസമ്മതിച്ചതോടെയാണ് പോലീസിനെ സമീപിച്ചത്.
ഇതോടെ ദളിത് കുടുംബങ്ങളെ ബഹിഷ്കരിക്കാൻ ഒരു വിഭാഗം തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച ജില്ലാ ഭരണകൂടം നടത്തിയ സമാധാനചർച്ചയിൽ പ്രശ്നം രമ്യമായി പരിഹരിച്ചതായും യുവാവിനെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.