ഹരിയാനയിൽ കോൺഗ്രസ്-എഎപി സഖ്യമില്ല
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: ഹരിയാനയിൽ എഎപി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു വിരാമമായി. ഹരിയാനയിൽ കോൺഗ്രസ്-എഎപി സഖ്യത്തിനു ധാരണയായെന്നും എഎപി അഞ്ചു സീറ്റിൽ മത്സരിക്കുമെന്നും കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു.
കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിലാണ് എഎപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. പത്തു സീറ്റാണ് കോൺഗ്രസിനോട് എഎപി ആവശ്യപ്പെട്ടത്. അഞ്ചു സീറ്റ് മാത്രമേ നൽകാനാകൂ എന്നായിരുന്നു കോൺഗ്രസ് നിലപാട്.
2019ൽ 46 സീറ്റിൽ മത്സരിച്ച എഎപിക്ക് ഒരിടത്തും വിജയിക്കാനായില്ല. 90 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാൻ എഎപിക്കു ശക്തിയുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്ത പറഞ്ഞു. ഇതോടെ അടുത്ത വർഷം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എഎപി സഖ്യം അനിശ്ചിതത്വത്തിലായി.