ദേവിലാലിന്റെ പൗത്രൻ ബിജെപി വിട്ട് ഐഎൻഎൽഡിയിൽ
Monday, September 9, 2024 2:42 AM IST
ചണ്ഡിഗഡ്: മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ പൗത്രൻ ആദിത്യ ദേവി ലാൽ ഇന്ത്യൻ നാഷണൽ ലോക് ദളിൽ(ഐഎൻഎൽഡി) ചേർന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ദാബ്വാലി മണ്ഡലത്തിൽ ഐഎൻഎൽഡി സ്ഥാനാർഥിയായി ആദിത്യ (46) മത്സരിക്കും.
സിർസ ജില്ലയിലെ ചൗട്ടാല ഗ്രാമത്തിൽ നടന്ന റാലിയിലാണ് ആദിത്യ ഐഎൻഎൽഡി അംഗത്വമെടുത്തത്. ഹരിയാന മാർക്കറ്റിംഗ് ചെയർമാൻസ്ഥാനം ഈയിടെ ആദിത്യ രാജിവച്ചിരുന്നു. 2019ൽ ആദിത്യ ബിജെപി ടിക്കറ്റിൽ ദബ്വാലി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും കോൺഗ്രസിലെ അമിത് സിഹാഗിനോടു തോറ്റു.
ഒരാഴ്ചയ്ക്കിടെ ദേവിലാൽകുടുംബത്തിൽനിന്നു ബിജെപി വിടുന്ന രണ്ടാമത്തയാളാണ് ആദിത്യ. ദേവിലാലിന്റെ മകനും മന്ത്രിയുമായ രഞ്ജിത് ചൗട്ടാല കഴിഞ്ഞദിവസം രാജിവച്ചിരുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്ന് രഞ്ജിത് ചൗട്ടാല പ്രഖ്യാപിച്ചിട്ടുണ്ട്.