അഭിഷേക് സിംഗ്വി തെലുങ്കാനയിൽനിന്നു രാജ്യസഭയിലേക്ക് മത്സരിക്കും
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: തെലുങ്കാനയിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മനു അഭിഷേക് സിംഗ്വിയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സിംഗ്വിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. തെലുങ്കാനയടക്കം ഒന്പതു സംസ്ഥാനങ്ങളിലെ 12 സീറ്റുകളിലേക്ക് സെപ്റ്റംബർ മൂന്നിനാണു തെരഞ്ഞെടുപ്പ് നടക്കുക.
ബിആർഎസ് അംഗമായിരുന്ന കെ. കേശവറാവു രാജിവച്ച ഒഴിവിലാണ് തെലുങ്കാനയിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്. ഈ വർഷം ആദ്യം ഹിമാചൽപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിച്ച അഭിഷേക് സിംഗ്വി പരാജയപ്പെട്ടിരുന്നു.
ആറു കോൺഗ്രസ് എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതോടെ സിംഗ്വിക്കും ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനും 34 വോട്ട് വീതം ലഭിച്ചു. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു.
തെലുങ്കാന നിയമസഭയിൽ കോൺഗ്രസിനു വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഇത്തവണ സിംഗ്വിക്കു വിജയിക്കാനാകും.