കെ-റെയിൽ പിൻവലിക്കണം: ജനകീയ സമിതി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: കെ-റെയിൽ സിൽവർലൈൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് ഭീമ ഹർജി സമർപ്പിച്ചു.
പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് അംഗീകാരം നൽകരുതെന്നും സമിതി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. 25,000 കുടുംബങ്ങൾ ഒപ്പിട്ട ഭീമഹർജിയാണ് മന്ത്രിക്ക് ജനകീയ സമിതി സമർപ്പിച്ചത്.
ഇതുവരെ യാതൊരു അനുമതിയും ലഭിക്കാത്ത പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് മുതൽ സ്ഥലം വിൽക്കാനോ വായ്പ എടുക്കാനോ കഴിയാതെ പ്രദേശ വാസികൾ ദുരിതത്തിലാണെന്നും സമിതി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
എംപിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർക്കൊപ്പം സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിനിധികളായ ജോസഫ് എം. പുതുശേരി, എം.പി. ബാബുരാജ്, വിനു കുര്യാക്കോസ്, ശിവദാസ് മഠത്തിൽ എന്നിവരാണ് കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിലെ 15 എംപിമാർ വേദനത്തെ പിന്തുണച്ച് ഒപ്പുവച്ചിരുന്നു.