കോച്ചിംഗ് സെന്ററിലെ മരണം: സ്വമേധയാ കേസെടുത്ത് കോടതി
Tuesday, August 6, 2024 2:29 AM IST
ന്യൂഡൽഹി: വെള്ളപ്പൊക്കത്തിൽ ഡൽഹി രാജേന്ദ്രപ്ലേസിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്നു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.
വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഇന്നലെ നോട്ടീസ് അയച്ചു. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയാണ് ഇത്തരം കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ കോടതി ഇവ മരണമുറികളായി മാറിയെന്നും വിമർശിച്ചു.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. ഡൽഹിയിൽ മാത്രം നൂറോളം കോച്ചിംഗ് സെന്ററുകളാണുള്ളത്. സിവിൽ സർവീസ് പരീക്ഷ പോലുള്ള പരിശീലനത്തിന് വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഈടാക്കുന്ന ഇവർ മതിയായ സുരക്ഷ നൽകുന്നില്ലെന്നും കോടതി വിമർശിച്ചു.
2016ലെ ഡൽഹി ഏകീകൃത കെട്ടിട നിർമാണ ചട്ടങ്ങൾ, 2021ലെ ഡൽഹിയുടെ മാസ്റ്റർ പ്ലാൻ എന്നിവ ആവശ്യപ്പെടുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സെന്ററുകൾ ഓണ്ലൈനായി ക്ലാസുകൾ നടത്തട്ടേയെന്നും കോടതി നിരീക്ഷിച്ചു.
നിലവിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുകൾക്ക് എന്തു സുരക്ഷാ മാനദണ്ഡങ്ങളാണ് നിർദേശിച്ചിട്ടുള്ളതെന്നും അവ എങ്ങനെയാണ് പാലിക്കുന്നതെന്നുമടക്കമുള്ള വിശദമായ വിവരങ്ങൾ കൈമാറാൻ കേന്ദ്രത്തിനോടും ഡൽഹി സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
അതേസമയം അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന കോച്ചിംഗ് സെന്ററുകൾ പൂട്ടണമെന്ന ഡൽഹി സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ, സുരക്ഷാ നിയമങ്ങൾ പാലിച്ചിട്ടില്ല എന്നു കണ്ടെത്തിയ കോടതി കോച്ചിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.