കേന്ദ്രീയ വിദ്യാലയങ്ങൾ: എംപി ക്വാട്ട പുനഃസ്ഥാപിക്കില്ലെന്നു കേന്ദ്രം
Thursday, August 1, 2024 2:03 AM IST
ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലായങ്ങളിലെ വിദ്യാർഥി പ്രവേശനത്തിനു പാർലമെന്റ് അംഗങ്ങൾക്കു നേരത്തേ അനുവദിച്ചിരുന്ന പ്രത്യേക ക്വാട്ട പുനഃസ്ഥാപിക്കാൻ ആലോചനയില്ലെന്നു കേന്ദ്രസർക്കാർ. എംപിമാരുടേതുൾപ്പെടെ പ്രത്യേക ക്വാട്ട കൂടിയാകുന്നതോടെ വിദ്യാർഥികളുടെ എണ്ണം ഉയരും.
വിദ്യാർഥി-അധ്യാപക അനുപാതത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും ശിവസേന യുബിടി അംഗം പ്രിയങ്ക ചതുർവേദിയുടെ ചോദ്യത്തിനു മറുപടിയായി വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ പറഞ്ഞു.
പത്തു പേരെ വീതം പ്രവേശിപ്പിക്കാനാണ് നേരത്തേ പാർലമെന്റ് അംഗങ്ങൾക്ക് അനുമതിയുണ്ടായിരുന്നത്. ജില്ലാ കലക്ടർമാർക്ക് 17 വിദ്യാർഥികളെയും. പാർലമെന്റിലെ ഇരുസഭകളിലുമായി 7,880 വിദ്യാർഥികൾക്ക് ഓരോ വർഷവും പ്രവേശനം നൽകേണ്ടിയിരുന്നു. 2022ൽ ആനുകൂല്യം കേന്ദ്രസർക്കാർ എടുത്തുകളയുകയായിരുന്നു.