ബിജെപി സ്ഥാനാർഥിയുടെ വാഹനവ്യൂഹമിടിച്ച് രണ്ടുപേർ മരിച്ചു
Thursday, May 30, 2024 2:06 AM IST
ലഖ്നൗ: ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിന്റെ മകനും കൈസർഗഞ്ജിലെ ബിജെപി സ്ഥാനാർഥിയുമായ കരണ്‍ ഭൂഷണ് സിംഗിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. റെഹാൻ ഖാൻ (17), ഷഹ്സാദ് ഖാൻ (24) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ഉത്തർപ്രദേശിലെ ഗോണ്ടയിലായിരുന്നു അപകടം.
യുവാക്കൾ സഞ്ചരിച്ച ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിയെയും ഇടിച്ചുവീഴ്ത്തി. അപകടത്തിൽ പരിക്കേറ്റ സീതാദേവിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടശേഷം വാഹനത്തിലുണ്ടായിരുന്നവർ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.മരിച്ചവരുടെ കുടുംബത്തിനു നീതിയാവശ്യപ്പെട്ട് ജനക്കൂട്ടം റോഡ് ഉപരോധിച്ചു. സംഭവത്തിൽ ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവിനെ കസ്റ്റഡിയിലെടുത്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് രാധേയ് ശ്യാം റായ് പറഞ്ഞു.
മൂന്നു തവണ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നു ബിജെപി ടിക്കറ്റിൽ എംപിയായ മുൻ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനു പകരമാണ് മകൻ കരണ്‍ ഭൂഷണ് സിംഗിന് ഇത്തവണ സീറ്റ് നൽകിയത്. ലൈംഗികാരോപണ വിവാദത്തിൽ കുടങ്ങിയ ബ്രിജ്ഭൂഷണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ്സ്ഥാനം രാജിവച്ചിരുന്നു.