രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
Monday, May 20, 2024 3:22 AM IST
പ്രയാഗ്രാജ്: ആവേശംമൂത്ത പ്രവർത്തകർ ബാരിക്കേഡ് തകർത്ത് പ്രസംഗവേദിയിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഇന്ത്യാ മുന്നണി റാലിയെ അഭിസംബോധന ചെയ്യാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മടങ്ങി.
പ്രയാഗ്രാജിലെ ഫുൽപുർ മണ്ഡലത്തിൽ പാഡിലയിലാണു സംഭവം. റാലിയിൽ പങ്കെടുക്കാനായി കോൺഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും പ്രവർത്തകർ വൻതോതിൽ സ്ഥലത്ത് എത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ബാരിക്കേഡുകൾ മറികടന്നു പ്രവർത്തകർ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തതോടെ നേതാക്കൾ വേദിവിടുകയായിരുന്നു. രണ്ടുനേതാക്കളും ശാന്തരാകാൻ ആവർത്തിച്ച് അഭ്യർഥിച്ചെങ്കിലും ജനക്കൂട്ടം ചെവികൊടുത്തില്ല. തിരക്കു നിയന്ത്രിക്കാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെടുകയും ചെയ്തു.
വേദിയിൽ നിന്നിറങ്ങിയ രണ്ടുനേതാക്കളും നേരേ അടുത്ത റാലിസ്ഥലമായ മുംഗരിയിൽ എത്തുകയായിരുന്നു. ഈ റാലിയിലും സമാനമായ സാഹചര്യം ഉണ്ടായി. ആവേശഭരിതരായ ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്ത് വേദിയിലേക്ക് എത്താൻ ഇവിടെയും ശ്രമം നടന്നു.