കേജരിവാളിന്റെയും കവിതയുടെയും കസ്റ്റഡി നീട്ടി
Wednesday, April 24, 2024 2:25 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെയും ബിആർഎസ് നേതാവ് കെ. കവിതയുടെയും ജുഡീഷൽ കസ്റ്റഡി മേയ് ഏഴുവരെ ഡൽഹി റോസ് അവന്യു കോടതി നീട്ടി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഇരുവരുടെയും റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണു കോടതിയുടെ നടപടി.
വീഡിയോ കോണ്‍ഫറൻസിംഗിലൂടെ പ്രത്യേക ജഡ്ജി കാവേരി ബവേജയുടെ മുന്നിലാണ് ഇരുവരും ഹാജരായത്. അതേസമയം, പ്രമേഹത്തിന്റെ അളവ് കൂടിയതിനെത്തുടർന്ന് കേജരിവാളിന് ജയിലധികൃതർ ഇന്നലെ ഇൻസുലിൻ നൽകി. ഇൻസുലിൻ ആവശ്യപ്പെട്ടിട്ടും നൽകാൻ ജയിലധികൃതർ തയാറായില്ലെന്ന് കേജരിവാൾ ആരോപിച്ചിരുന്നു.