മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
Tuesday, April 23, 2024 3:52 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വകാര്യസ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെച്ചൊല്ലി വൻ വിവാദം.
രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ പടിഞ്ഞാറൻ യുപിയിലെ അലിഗഡിൽ ഇന്നലെ ആവർത്തിച്ചു. എന്നാൽ, മോദിയുടെ വിദ്വേഷപ്രസംഗത്തെക്കുറിച്ചു പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ നിസംഗത തുടരുകയാണ്.
വർഗീയ വിദ്വേഷവും അധിക്ഷേപവും നടത്തിയ മോദിയെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു വിലക്കണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസ് നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. മോദിയുടേത് പൂർണമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നും അടിയന്തര നടപടി വേണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഒരു പ്രത്യേക സമുദായത്തിനെതിരേ രാജസ്ഥാനിൽ മോദി നടത്തിയ പ്രസ്താവന യുപിയിൽ ആവർത്തിച്ചുവെന്നും കർശന നടപടി ഉണ്ടാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ കത്തിൽ കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. ഇവയടക്കം 17 കാര്യങ്ങളാണു കത്തിലുള്ളതെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പത്രലേഖകരോട് പറഞ്ഞു.
നഗ്നമായ ചട്ടലംഘനമുണ്ടായിട്ടും മോദിയുടെ പ്രസംഗത്തിനെതിരേ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? മോദിക്കെതിരേ നടപടി ആവശ്യപ്പെട്ട് ലക്ഷത്തോളം പേർ തെരഞ്ഞെടുപ്പു കമ്മീഷന് ഇ-മെയിൽ സന്ദേശം അയച്ചതായി ഇന്ത്യാ സഖ്യം നേതാക്കൾ പറഞ്ഞു.
രാമനവമി കാലത്ത് രാഹുൽ ഗാന്ധിയും ലാലുപ്രസാദ് യാദവും മറ്റും ആട്ടിറച്ചി കറി ഉണ്ടാക്കിയെന്ന പരാമർശവും നേരത്തേ മോദി നടത്തിയിരുന്നു. ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടാണു മുസ്ലിം വിരുദ്ധത മുതൽ ഭക്ഷണം വരെയുള്ളവയെക്കുറിച്ചു മോദി പറയുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുസ്ലിംകളെ മുഴുവൻ നുഴഞ്ഞുകയറ്റക്കാരും കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നവരുമായി അധിക്ഷേപിച്ചും, ജനങ്ങളുടെ കെട്ടുതാലി വരെ എടുത്ത് മുസ്ലിംകൾക്കു കൊടുക്കുമെന്നു പറഞ്ഞതിലൂടെയും രാജ്യത്തു മതസ്പർധ വളർത്താനാണ് മോദി ശ്രമിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മോദി നടത്തിയതു വിദ്വേഷപ്രസംഗമാണെന്നും എല്ലാവർക്കും നീതിയെന്നാണു കോണ്ഗ്രസ് പ്രകടനപത്രിക പറയുന്നതെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 1950നുശേഷം ഒരു പ്രധാനമന്ത്രിയും മുസ്ലിം സമുദായത്തെ മൊത്തത്തിൽ നുഴഞ്ഞുകയറ്റക്കാരായി ആക്ഷേപിച്ചിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.