തെരഞ്ഞെടുപ്പും ‘ഫെസ്റ്റിവൽ’; കേരളത്തിലേക്ക് സ്പെഷൽ സർവീസുമായി കർണാടക ആർടിസി
Tuesday, April 23, 2024 3:52 AM IST
ബംഗളൂരു: ഓണവും വിഷുവും ക്രിസ്മസും മാത്രമല്ല, കേരളത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോഴും സ്പെഷൽ സർവീസുകൾ നടത്തി ലാഭം കൊയ്യാനൊരുങ്ങുകയാണ് കർണാടക ആർടിസി. ബംഗളൂരുവിലും മൈസൂരുവിലും നിന്ന് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 10 തെരഞ്ഞെടുപ്പ് സ്പെഷൽ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
25നു പുറപ്പെട്ട് 26നു രാവിലെ കേരളത്തിലെത്തുന്ന രീതിയിലാണു ട്രിപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇവയിലേക്കുള്ള സീറ്റുകളുടെ ബുക്കിംഗും തുടങ്ങി. 26നു വൈകുന്നേരം ഇതേ ബസിനു മടക്കയാത്രകൂടി ബുക്കുചെയ്താൽ യാത്രാനിരക്കിൽ 10 ശതമാനം ഇളവും അനുവദിക്കും.
ആവശ്യക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ കൂടുതൽ ബസുകൾ ഏർപ്പെടുത്താനും നീക്കമുണ്ട്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് മലയാളികൾ ബംഗളൂരുവിലുള്ളതിനാൽ മുന്നണികളുടെ ഭാഗത്തുനിന്നുതന്നെ കൂട്ടത്തോടെ സീറ്റുകൾ ബുക്ക് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞയാഴ്ച തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടന്നപ്പോഴും അവിടുത്തെ പ്രധാന നഗരങ്ങളിലേക്ക് കർണാടക ആർടിസി 20 സ്പെഷൽ സർവീസുകൾ ഓടിച്ചിരുന്നു. കേരളത്തിലേക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുദിനത്തിലും ബംഗളൂരുവിൽനിന്ന് സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു.
അതേസമയം, നഷ്ടക്കണക്കുകൾ പറയുമ്പോഴും ഈ മാതൃക സ്വീകരിക്കാൻ കേരള ആർടിസിക്കു കഴിഞ്ഞിട്ടില്ല.