പ്രത്യക്ഷനികുതിപിരിവിൽ 17 ശതമാനത്തിന്റെ വളർച്ചയെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ
Monday, April 22, 2024 1:24 AM IST
ന്യൂഡൽഹി: 2023-24 സാന്പത്തികവർഷത്തിൽ രാജ്യത്തിന്റെ പ്രത്യക്ഷ നികുതി പിരിവ് 19.58 ലക്ഷം കോടി രൂപയായി ഉയർന്നു. 2022-23 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 17.70 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 16.64 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തിന്റെ പ്രത്യക്ഷ നികുതിപിരിവ്. 2023-24 കേന്ദ്രബജറ്റിൽ 18.23 ലക്ഷം കോടി രൂപയായിരുന്നു പ്രത്യക്ഷ നികുതി വരവായി കണക്കാക്കിയിരുന്നതെങ്കിലും 2024 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പ്രത്യക്ഷ നികുതിപിരിവ് ലക്ഷ്യം 19.45 ലക്ഷം കോടി രൂപയായി ഉയർത്തിയിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന വർധന സന്പദ്വ്യവസ്ഥയിലെ ഉയർച്ചയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
2023-24 സാന്പത്തികവർഷത്തിലെ മൊത്ത കോർപറേറ്റ് നികുതിപിരിവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 13.06 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്രം വ്യക്തമാക്കി. 2022-23 സാന്പത്തിക വർഷത്തിൽ പത്തു ലക്ഷം കോടി രൂപയായിരുന്ന കോർപറേറ്റ് നികുതിപിരിവ് 2023-24 സാന്പത്തിക വർഷത്തിൽ 11.32 ലക്ഷം കോടി രൂപയായി ഉയർന്നു.
2023-24 സാന്പത്തികവർഷത്തിലെ വ്യക്തിഗത ആദായനികുതി പിരിവിലും വർധനവുണ്ടായി, 24.26 ശതമാനം. 2022-23 സാന്പത്തിക വർഷത്തിൽ 9.67 ലക്ഷം കോടി രൂപയായിരുന്ന വ്യക്തിഗത ആദായ നികുതി പിരിവ് 2023-24 സാന്പത്തിക വർഷത്തിൽ 12.01 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. 2023-24 സാന്പത്തിക വർഷത്തിൽ 3.79 ലക്ഷം കോടി രൂപയുടെ റീഫണ്ടുകൾ നൽകിയതായും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി.