2047ൽ വികസിത ഭാരതം; ആരും ഭയപ്പെടേണ്ട: മോദി
Tuesday, April 16, 2024 2:49 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വലിയ പദ്ധതികളുണ്ടെന്നു പറയുന്പോൾ ആരും ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാജയപ്പെട്ട കോണ്ഗ്രസ് മോഡലും പത്തു വർഷത്തെ പ്രകടനം കാഴ്ചവച്ച ബിജെപിയുടെ മോഡലും തമ്മിലാണ് ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പെന്നും മോദി പറഞ്ഞു.
ആരെയും ഭയപ്പെടുത്താനോ ഓടിക്കാനോ താൻ തീരുമാനങ്ങൾ എടുക്കുന്നില്ല. രാജ്യത്തിന്റെ സമഗ്ര വികസനത്തിനുള്ള തീരുമാനങ്ങളാണെടുക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047ൽ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണു ശ്രമം.
അതിനായി വികസനത്തിന്റെ വേഗതയും വ്യാപ്തിയും വർധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ്-തെരഞ്ഞെടുപ്പിനു മുന്പായി മോദിയുടെ പ്രിയപ്പെട്ട ടെലിവിഷൻ വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ആരെയും ഭയപ്പെടുത്താനല്ലെന്നു പറയുന്പോഴും ഇനി അധികാരത്തിലേറിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന റിപ്പോർട്ടുകളെക്കുറിച്ചു മോദി മൗനം പാലിച്ചു.
പത്തു വർഷത്തെ ഭരണകാലത്ത് ഒരു പത്രസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് തെരഞ്ഞെടുപ്പിനു മുന്പായി ഇഷ്ടക്കാരായ മാധ്യമപ്രവർത്തകരെ വിളിച്ച് പ്രത്യേക അഭിമുഖങ്ങൾ നൽകുന്നതെന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നു കോണ്ഗ്രസ് ആരോപിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അഴിമതി, വർഗീയ ധ്രൂവീകരണം, ദളിത്- ആദിവാസി- ന്യൂനപക്ഷ പീഡനങ്ങൾ തുടങ്ങി ജനങ്ങൾക്ക് അറിയാൻ അവകാശമുള്ള ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാത്ത മുൻകൂട്ടി തയാറാക്കിയ ചില അഭിമുഖങ്ങൾ വെറും പ്രചാരണനാടകം ആണെന്ന് കോണ്ഗ്രസ്, സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടി.
എല്ലാം ശരിയായ ദിശയിൽ ചെയ്യാൻ ശ്രമിച്ചു എന്നു താൻ വിശ്വസിക്കുന്നില്ലെന്നു മോദി പറഞ്ഞു. വളരെയധികം ഇനിയും ചെയ്യാനുണ്ട്. രാജ്യത്തെ എല്ലാവരുടെയും സ്വപ്നങ്ങൾ എങ്ങനെ നിറവേറ്റാം എന്നതാണു ചിന്ത. അതുകൊണ്ടാണ് ഇതുവരെയുള്ള ഭരണം ഒരു ട്രെയിലറാണെന്നു പറയുന്നത്. ഗുജറാത്തിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന അനുഭവപരിചയമുണ്ട്.
വീണ്ടും വീണ്ടും തെരഞ്ഞെടുപ്പ് നടന്നാൽ തന്റെ സംസ്ഥാനത്തു നിന്ന്, 30-40 മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷകരായി പോകാറുണ്ടായിരുന്നു. അവർ 40-50 ദിവസം പുറത്താണ്. തെരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥർക്കു മുൻകൂട്ടി ജോലി നൽകാറില്ല. അതിനാലാണ് രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് എന്ന് ആഗ്രഹിച്ചത്. 100 ദിവസത്തേക്ക് ജോലി ചെയ്യാൻ മുൻകൂട്ടി നൽകുന്നതാണു തന്റെ രീതി.
2019ൽ 100 ദിവസത്തിനകമാണ് അനുച്ഛേദം 370 റദ്ദാക്കിയത്. മുൻകൂട്ടി അത് ആസൂത്രണം ചെയ്തിരുന്നു. ഇനി വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത ടേമിൽ ആദ്യ 100 ദിവസത്തെ ഓഫീസ് ലക്ഷ്യംപോലും താൻ നിശ്ചയിച്ചിട്ടുണ്ടെന്ന് മോദി അവകാശപ്പെട്ടു.
കോണ്ഗ്രസ് സർക്കാരിന്റെയും ബിജെപി സർക്കാരിന്റെയും മാതൃക മുന്നിലുണ്ട്. അവർ 5-6 പതിറ്റാണ്ടുകൾ പ്രവർത്തിച്ചു. 10 വർഷമേ താൻ പ്രവർത്തിച്ചിട്ടുള്ളൂ. ഇവ താരതമ്യം ചെയ്യുക. ഏതു മേഖലയിലും ചില പോരായ്മകൾ ഉണ്ടെങ്കിലും പ്രയത്നത്തിൽ ഒരു കുറവും ഉണ്ടാകില്ല. അടുത്ത ടേമിൽ, വേഗതയും സ്കെയിലും വർധിപ്പിക്കണം. അതാണ് തന്റെ ലക്ഷ്യം. കുടുംബത്തെ എങ്ങനെ ശക്തമാക്കാം എന്നതായിരുന്നു നിർഭാഗ്യവശാൽ മുൻകാല രാഷ്ട്രീയ സംസ്കാരം.
എന്നാൽ, രാജ്യത്തെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ പ്രവർത്തിക്കുന്നത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഉത്തരവാദിത്വമായി കരുതുന്നു. ഭാരതമാതാവിനെ മകനെ പോലെ സേവിക്കുകയാണു തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.