ആം ആദ്മി പാർട്ടി ഡൽഹി ഓഫീസ് ഒഴിയണമെന്ന് സുപ്രീംകോടതി
Tuesday, March 5, 2024 2:01 AM IST
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്കായി അനുവദിച്ച സ്ഥലത്തു സ്ഥിതിചെയ്യുന്ന ആംആദ്മി പാർട്ടി ഓഫീസ് ജൂണ്‍ 15നു മുന്‍പായി ഒഴിയണമെന്ന് സുപ്രീംകോടതി. 2017ന് ശേഷം ആ സ്ഥലത്തു തുടരാൻ ആം ആദ്മി പാർട്ടിക്ക് നിയമപരമായി അവകാശമില്ലെന്നും കോടതി പറഞ്ഞു.
ഡൽഹി കോടതി വിപുലീകരിക്കുന്നിന്റെ ഭാഗമായാണ് സ്ഥലം കോടതിക്ക് അനുവദിച്ചത്. ജൂണ്‍ 15നു മുന്‍പായി കെട്ടിടം ഒഴിയണം. മറ്റൊരു സ്ഥലത്തിനായി കേന്ദ്ര സർക്കാരിന്റെ ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസിൽ (എൽ ആൻഡ് ഡിഒ) പാർട്ടിക്ക് അപേക്ഷ നൽകാം- സുപ്രീംകോടതി വ്യക്തമാക്കി. ആംആദ്മി പാർട്ടിയുടെ അപേക്ഷ എൽ ആൻഡ് ഡിഒ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.
കോടതി സമുച്ചയത്തിൽ കൂടുതൽ മുറികൾ ലഭ്യമല്ലാത്തതിനാൽ സ്ഥലം അടിയന്തരമായി അനുവദിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ രേഖപ്പെടുത്തി. നേരത്തേ നിർദേശിച്ച എംടിഎൻഎൽ കെട്ടിടം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാൽ രണ്ടാഴ്ചയ്ക്കകം ബദൽ നിർദേശം കൊണ്ടുവന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ അറിയിക്കാൻ ഡൽഹി ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ പാർട്ടി എന്ന നിലയിലാണ് ആം ആദ്മി പാർട്ടിക്ക് സ്ഥലം അനുവദിച്ചത്. ബാദർപുരിൽ പകരം തരാൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലം നഗരത്തിനു പുറത്താണെന്ന് പാർട്ടിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചു. എന്നാൽ, ആം ആദ്മി പാർട്ടിക്ക് ഭൂമി അനുവദിച്ചത് 2017 ജൂണിൽ റദ്ദാക്കിയെന്നും അന്നു മുതൽ കൈയേറിയിരിക്കുകയാണെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.