കാഷ്മീർ വിധി പ്രതീക്ഷയുടെ പ്രഖ്യാപനമെന്നു മോദി
Tuesday, December 12, 2023 1:57 AM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ശരിവച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഷ്മീർ ജനങ്ങൾക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണു വിധിയെന്ന് മോദി പ്രതികരിച്ചു.
നിരാശാജനകമെന്ന് മുൻ മുഖ്യമന്ത്രിമാർ
ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവച്ച സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഗുലാം നബി ആസാദ്, ഒമർ അബ്ദുള്ള എന്നിവർ പറഞ്ഞു.
സുപ്രീംകോടതി വിധി ഇന്ത്യയുടെ തോൽവിയാണെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഈ വിധി ആഘോഷിക്കുന്ന ധാരാളം ആളുകളുണ്ടാകാം. ഇന്ന് ജമ്മു-കാഷ്മീരിനെ ഒരു ജയിലാക്കി മാറ്റി. ഞങ്ങൾ വീട്ടുതടങ്കലിലാണ്. കടകൾ അടപ്പിച്ചു. വെറുതെയിരിക്കാൻ ഞങ്ങളൊരുക്കമല്ല, ഒന്നിച്ചു നിന്ന് ഇതിനെതിരേ പോരാടുമെന്നും മെഹബൂബ വ്യക്തമാക്കി.
അത്യന്തം ദുഃഖകരവും നിരാശാജനകവുമായ വിധിയാണിതെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി(ഡിപിഎപി) അധ്യക്ഷനും ജമ്മു-കാഷ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് വ്യക്തമാക്കി. വിധിയിൽ കാഷ്മീരിലെ ജനങ്ങൾ അസന്തുഷ്ടരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിധിയിൽ നിരാശരാണെന്നും തോറ്റു പിന്മാറാൻ ഒരുക്കമല്ലെന്നും നാഷണൽ കോണ്ഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പ്രതികരിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞാലും ബിജെപിക്ക് ഇവിടേക്കെത്താൻ കഴിയില്ല. ഒരു നീണ്ട പോരാട്ടത്തിന് ഞങ്ങളും സജ്ജരാണെന്ന് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.
“ചില പോരാട്ടങ്ങൾ പരാജയപ്പെടാനുള്ളതാണ് ”
ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണെന്നായിരുന്നു വിധിക്ക് മണിക്കൂറുകൾക്കു മുന്പ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എക്സിൽ കുറിച്ചത്.
“തലമുറകൾക്ക് അറിയാൻ അസുഖകരമായ വസ്തുതകൾ ചരിത്രം രേഖപ്പെടുത്തണം.
സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ ശരിയും തെറ്റും വരും വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവ്”-കപിൽ സിബലിന്റെ കുറിപ്പിൽ പറഞ്ഞു.