കൊല്ലപ്പെട്ടവരിൽ കൊടുംഭീകരൻ അബ്ദുൾ റൗഫ് അസ്ഹറും
Friday, May 9, 2025 4:19 AM IST
ന്യൂഡൽഹി: പാക് ഭീകരതാവളങ്ങൾക്കു നേർക്ക് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിക്കിടെ കൊല്ലപ്പെട്ടവരിൽ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസ്ഹറും.
ബഹാവൽപുരിൽ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനായ അബ്ദുൾ റൗഫ് അസ്ഹർ ആണ് 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്കു റാഞ്ചിയതിന്റെ മുഖ്യ സൂത്രധാരൻ.
2016ലെ പത്താൻകോട്ട് ഭീകരാക്രമണത്തിലും 2001ലെ പാർലമെന്റ് ആക്രമണത്തിലും ഇയാൾ പങ്കാളിയാണ്. 2002ൽ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കഴുത്തറത്തു കൊന്ന ഭീകരസംഘത്തിലും റൗഫ് അസ്ഹർ ഉണ്ടായിരുന്നു.
ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടതിന്റെ പേരിൽ 2010ൽ റൗഫ് അസ്ഹറിനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു. 2022ൽ റൗഫിനെ യുഎൻ കരിന്പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചെങ്കിലും നീക്കം ചൈന വീറ്റോ ചെയ്തു.
റൗഫ് അസ്ഹറിനെതിരേ തെളിവില്ലെന്നായിരുന്നു ചൈനയുടെ വാദം. മസൂദ് അസ്ഹർ ഒളിവിൽ പോയ 2007 മുതൽ ജയ്ഷ്-ഇ-മുഹമ്മദ് സംഘടനയെ നയിച്ചത് റൗഫ് അസ്ഹറായിരുന്നു.