നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി
Friday, May 9, 2025 4:19 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കുറഞ്ഞത് നൂറ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ സർവകക്ഷി യോഗത്തെ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രണ്ടാമത്തെ സർവകക്ഷി യോഗമാണ് ഇന്നലെ കേന്ദ്ര സർക്കാർ വിളിച്ചത്. തീവ്രവാദികൾക്കും അവർക്ക് പിന്തുണ നൽകിയവർക്കുമെതിരെ സർക്കാർ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും പൂർണപിന്തുണയാണ് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയ കക്ഷികൾ നൽകിയത്.
ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി രാജ്നാഥ് സിംഗ് സർവകക്ഷിയോഗത്തിൽ കൃത്യമായ വിശദീകരണം നടത്തി. പ്രത്യേക സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നാണ് സർവകക്ഷി യോഗത്തിനുശേഷം പ്രതിപക്ഷം അറിയിച്ചത്.
രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പങ്കെടുത്തു.
സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാക്കളിൽ നിന്നും പക്വത നിറഞ്ഞ സമീപനമാണുണ്ടായതെന്ന് കേന്ദ്ര പാർലിമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.