സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ
Friday, May 9, 2025 4:19 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ. കെ. സുധാകരനു പകരമാണ് മലബാറിലെ കുടിയേറ്റ കാർഷകമേഖലയിൽനിന്നുള്ള മുതിർന്ന നേതാവ് സണ്ണിയെ നിയമിച്ചത്. 72 വയസുണ്ട്.
സുധാകരനെ കോണ്‍ഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് അവസാനനിമിഷംവരെ പരിഗണിച്ച ആന്റോ ആന്റണി എംപിക്കു മറ്റു പദവികളൊന്നും നൽകിയില്ല.അടൂർ പ്രകാശ് എംപിയാണ് പുതിയ യുഡിഎഫ് കണ്‍വീനർ.
എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ എംപി എന്നിവരാണു പുതിയ വർക്കിംഗ് പ്രസിഡന്റുമാർ. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണു പുതിയ പിസിസി ഭാരവാഹികളെ നിയോഗിച്ചതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
യുഡിഎഫ് കണ്‍വീനറായിരുന്ന എം.എം. ഹസൻ, വർക്കിംഗ് പ്രസിഡന്റുമാരായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപി, ടി.എൻ. പ്രതാപൻ, ടി. സിദ്ദിഖ് എംഎൽഎ എന്നിവരെ പദവികളിൽ നിന്നൊഴിവാക്കിയെന്നു എഐസിസി പത്രക്കുറിപ്പിൽ അറിയിച്ചു.
വർക്കിംഗ് പ്രസിഡന്റായി നിയമിച്ച പി.സി. വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. നിയമസഭാ തെരഞ്ഞെടുപ്പിനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായാണു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിൽ ഹൈക്കമാൻഡ് അഴിച്ചുപണി നടത്തിയത്.
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റുന്നതിൽ സുധാകരനുള്ള അതൃപ്തി പരിഹരിക്കുന്നതിനാണ് അദ്ദേഹത്തെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. സുധാകരന്റെകൂടി താത്പര്യം പരിഗണിച്ചാണു ആന്റോയ്ക്കു പകരം സണ്ണി ജോസഫിനെ നിയമിച്ചത്.