ബിജെപി എംഎൽഎ ജനാർദ്ദന റെഡ്ഢിയെ അയോഗ്യനാക്കി
Saturday, May 10, 2025 2:05 AM IST
ബംഗളൂരു: അനധികൃത ഖനന കേസിൽ സിബിഐ കോടതി ശിക്ഷിച്ച കർണാടകയിലെ ബിജെപി എംഎൽഎ ഡി. ജനാർദ്ദന റെഡ്ഢിയെ അയോഗ്യനാക്കി. കർണാടക നിയമസഭ ഇതു സംബന്ധിച്ച് വ്യാഴാഴ്ച വിജ്ഞാപനമിറക്കി.
ഒബുലാപുരം മൈനിംഗ് കന്പനി (ഒഎംസി) അനധികൃത ഇരുന്പയിര് ഖനന കേസിൽ ഏഴു വർഷം തടവിനാണ് റെഡ്ഢിയെയും മറ്റു മൂന്നു പേരെയും സിബിഐ കോടതി ശിക്ഷിച്ചത്. 10,000 രൂപ വീതം പ്രതികൾ പിഴയൊടുക്കണം.
കേസിൽ രണ്ടാം പ്രതിയാണ് ജനാർദ്ദന റെഡ്ഢി. ശിക്ഷാവിധിയുണ്ടായുടൻ റെഡ്ഢിയെയും മറ്റു കുറ്റവാളികളെയും സിബിഐ സംഘം ജയിലിലടച്ചു. ഗംഗാവതി മണ്ഡലത്തെയാണ് റെഡ്ഢി പ്രതിനിധീകരിക്കുന്നത്.