ദേശീയ വിദ്യാഭ്യാസ നയം; സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി
Saturday, May 10, 2025 2:05 AM IST
ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി) നടപ്പാക്കാൻ ഏതെങ്കിലും ഒരു സംസ്ഥാനത്തോട് നിർദേശിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി.
തമിഴ്നാട്ടിൽ എൻഇപി നടപ്പിലാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
വിഷയത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെങ്കിലും ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംസ്ഥാനം സ്വീകരിക്കുന്ന നടപടിയോ നിഷ്ക്രിയത്വമോ മൗലിക അവകാശങ്ങളെ ലംഘിക്കുകയാണെങ്കിൽ കോടതിക്ക് ഇടപെടാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഡൽഹിയിൽ സ്ഥിരതാമസക്കാരനായ, തമിഴ്നാട്ടിൽനിന്നുള്ള ജി.എസ്. മണി എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും അതിലെ ത്രിഭാഷാ ഫോർമുല ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു.