വീണ്ടും പാക് ഒളിയാക്രമണം
Saturday, May 10, 2025 2:54 AM IST
ശ്രീനഗർ/ജമ്മു: ശ്രീനഗർ വിമാനത്താവളത്തിനും തെക്കൻ കാഷ്മീരിലെ വ്യോമതാവളത്തിനും നേർക്ക് നടന്ന പാക് ഡ്രോൺ ആക്രമണം ഇന്ത്യ തകർത്തു.
ബാരാമുള്ള, പത്താൻകോട്ട്, ഉറി, ഉധംപുർ, നഗ്രോത പഞ്ചാബിലെ പത്താൻകോട്ട് എന്നിവിടങ്ങളിലും ഡ്രോണുകൾ കണ്ടെത്തി. പാക്കിസ്ഥാൻ ഉന്നംവച്ചത് ജമ്മു, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെ. ജമ്മു മേഖലയിൽ ഇന്നലെയും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി.
വൈകുന്നേരം നടന്ന ആക്രമണം ഇന്ത്യൻ സൈന്യം വിഫലമാക്കി. ജമ്മുവിലും ശ്രീനഗറിലും ബ്ലാക്കൗട്ട് ഏർപ്പെടുത്തി. ശ്രീനഗറിൽ ലൈറ്റ് അണയ്ക്കാൻ മോസ്കുകളിലെ ലൗഡ്സ്പീക്കറിലൂടെ ജനങ്ങൾക്ക് അറിയിപ്പ് നല്കി. വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്കു നിർദേശമുണ്ട്. പഞ്ചാബ് അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
അതിർത്തിയിൽ കനത്ത ഷെല്ലാക്രമണം
അതിർത്തിയിലെ ജനവാസഗ്രാമങ്ങളിൽ പാക്കിസ്ഥാന്റെ കനത്ത ഷെല്ലിംഗ് തുടരുകയാണ്. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. നർഗീസ് ബീഗം മുഹമ്മദ് അബ്രാർ, എന്നിവരാണു കൊല്ലപ്പെട്ടത് മൂന്നു പേർക്കു പരിക്കേറ്റു. നിരവധി വീടുകൾക്കു കേടുപാടുകളുണ്ടായി. ഇന്ത്യൻ സൈന്യം അതി ശക്തമായി തിരിച്ചടിച്ചു.
രജൗരി, പൂഞ്ച്, ബാരാമുള്ള ജില്ലകളിലായിരുന്നു പാക് ആക്രമണം. ഉറിയിലെ മോഹ്റ ഗ്രാമത്തിലെ ഷെല്ലാക്രമണത്തിലായിരുന്നു നർഗീസ് ബീഗം കൊല്ലപ്പെട്ടത്. ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ പോകവേ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഷെൽ പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു പേർക്കു പരിക്കേറ്റു. ഗുരുതര പരിക്കേറ്റ നർഗീസ് മരിച്ചു. പൂഞ്ചിലെ ആക്രമണത്തിലാണ് മുഹമ്മദ് അബ്രാർ കൊല്ലപ്പെട്ടത്.
അതേസമയം, ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ എത്രയും വേഗം നടപടി വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ആക്രമണം വിശദീകരിച്ച് കേന്ദ്രം
ഇതിനിടെ, ഭട്ടിൻഡ സൈനികതാവളവും നാലു വ്യോമകേന്ദ്രങ്ങളും അടക്കം ഇന്ത്യയിലെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 300 മുതൽ 400 വരെ ഡ്രോണുകളുപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്നും പൂഞ്ചിൽ സിഎംഐ സഭ നടത്തുന്ന ക്രൈസ്റ്റ് സ്കൂളിനും സിഎംസി കന്യാസ്ത്രീമഠത്തിനും നേർക്കുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ടു സ്കൂൾ കൂട്ടികൾ കൊല്ലപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു.
സിവിലിയൻ വിമാനങ്ങൾ പാക്കിസ്ഥാൻ മറയാക്കിയെന്നും ഭട്ടിൻഡയിൽ ഇന്ത്യ വെടിവച്ചിട്ടതു തുർക്കി ഡ്രോണ് ആണെന്നും പത്രസമ്മേളനത്തിൽ ഇന്ത്യ വിശദീകരിച്ചു.
ഇന്ത്യയിലെ മതകേന്ദ്രങ്ങളെയും സ്കൂളുകളെയും ലക്ഷ്യം പാക്കിസ്ഥാൻ ലക്ഷ്യംവച്ചു. സാധാരണ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് വാണിജ്യവിമാനങ്ങളെ കവചമാക്കിയായിരുന്നു പാക് ആക്രമണം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ലേ മുതൽ സർ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളിലായി വ്യാഴാഴ്ച രാത്രി പാകിസ്ഥാൻ 300-400 ഡ്രോണുകളാണു അയച്ചത്.
സായുധ ഡ്രോണുകൾ ഇന്ത്യ രണ്ടു മാർഗങ്ങളിലൂടെ വെടിവച്ചിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനാകണം ഇത്രയേറെ ഡ്രോണുകൾ ഉപയോഗിച്ചതെന്നു കരുതുന്നു. തുർക്കിയുടെ അസിസ്ഗാർഡ് സോംഗർ ഡ്രോണുകളാണ് ഇന്ത്യക്കെതിരായ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണു പ്രാഥമിക വിവരം.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ സംബന്ധിച്ച ഫോറൻസിക് അന്വേഷണം നടക്കുന്നുണ്ട്- വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും അദ്ദേഹത്തോടൊപ്പം കാര്യങ്ങൾ വിശദീകരിച്ചു.
പാക് പ്രകോപനം തുടർന്നാൽ ഇന്ത്യ യോജിച്ച തിരിച്ചടി നൽകും. പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ ആക്രമിക്കാൻ ഇന്ത്യ താത്പര്യപ്പെടുന്നില്ല. പാക് ആക്രമണത്തിനു മറുപടിയായി, പാക്കിസ്ഥാനിലെ നാലു വ്യോമ പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ സായുധ ഡ്രോണുകൾ വിക്ഷേപിച്ചു. അവരുടെ എഡി റഡാർ നശിപ്പിച്ചു.
ഹെവി-കാലിബർ പീരങ്കിതോക്കുകളും സായുധ ഡ്രോണുകളും ഉപയോഗിച്ചാണു നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാൻ പീരങ്കി ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യൻ സൈനികർക്കു ചില നഷ്ടങ്ങൾക്കും പരിക്കുകൾക്കും ഇതു കാരണമായി. തിരിച്ചടിയിൽ പാക് സൈന്യത്തിനു വലിയ നഷ്ടം സംഭവിച്ചു- വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 8.30നു പാക്കിസ്ഥാൻ നടത്തിയ പരാജയപ്പെട്ട ഡ്രോണ്, മിസൈൽ ആക്രമണത്തിനു പിന്നാലെയാണ് അവരുടെ സാധാരണ സിവിലിയൻ വിമാനത്തെ കവചമായി ഉപയോഗിച്ചത്.
ഇന്ത്യയിൽനിന്ന് അതിവേഗം ശക്തമായ പ്രതികരണമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും സിവിൽ എയർലൈനറിനെ പാക്കിസ്ഥാൻ കവചമാക്കി. ഇന്ത്യൻ വ്യോമസേന പ്രതികരണത്തിൽ ഗണ്യമായ സംയമനം പാലിച്ചതിനാലാണു സാധാരണ വിമാനങ്ങൾ സുരക്ഷിതമായതെന്നും വ്യോമിക സിംഗ് ചൂണ്ടിക്കാട്ടി.
സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം മുഴുവൻ പടിഞ്ഞാറൻ അതിർത്തിയിലും നിരവധി തവണ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചുവെന്നു സോഫിയ ഖുറേഷി വിശദീകരിച്ചു.
പ്രത്യേക രൂപകൽപനയോടെ പാക്കിസ്ഥാൻ ഇന്ത്യയിലെ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടുവെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
വർഗീയ ഭിന്നിപ്പിനു ലക്ഷ്യമിട്ട് മതസ്ഥാപനങ്ങൾക്കു നേർക്കുണ്ടായ പാക് നടപടി ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റശ്രമം തകർത്തു; ഏഴു ഭീകരരെ വധിച്ചു
ന്യൂഡൽഹി/ജമ്മു: അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴു ഭീകരരെ ബിഎസ്എഫ് വധിച്ചു. പാക് റേഞ്ചേഴ്സിന്റെ പോസ്റ്റ് ബിഎസ്എഫ് തകർത്തു.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെ സാംബ ജില്ലയിലാണ് വൻ ഭീകരസംഘം നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചത്. ധൻധർ പോസ്റ്റിൽനിന്നുപാക് റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിന്റെ മറവിലായിരുന്നു ഭീകരരുടെ നുഴഞ്ഞുകയറ്റം. ബിഎസ്എഫിന്റെ പ്രത്യാക്രമണത്തിൽ ധൻധർ പോസ്റ്റിനു കാര്യമായ നാശമുണ്ടായി. ഇതിന്റെ ദൃശ്യം ബിഎസ്എഫ് പുറത്തുവിട്ടു.