കേണൽ സോഫിയയുടെ നാടും ആഘോഷത്തിൽ
Friday, May 9, 2025 4:19 AM IST
ബെളഗാവി: മുഹമ്മദ് ഗൗസ് സാബ് ബാഗേവാഡിയുടെ ബെളഗാവി ജില്ലയിലെ കൊന്നൂർ എന്ന ശാന്തമായ ഗ്രാമം ഇപ്പോൾ ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരുമകൾ കേണൽ സോഫിയ ഖുറേഷിയാണ് കൊന്നൂർ ഗ്രാമത്തെ രാജ്യത്തിന്റെ ഹൃദയത്തിലേക്ക് ഒറ്റദിവസംകൊണ്ട് എടുത്തുയർത്തിയത്.
പാക്കിസ്ഥാനെതിരായ തിരിച്ചടി വിശദീകരിക്കാൻ കേണൽ സോഫിയ മാധ്യമങ്ങൾക്കു മുന്നിലെത്തിയതോടെ ബാഗേവാഡിയുടെ വീടും നാടിന്റെ അഭിമാനമായി. ബാഗേവാഡി യുടെ മകൻ താജുദ്ദീന്റെ ഭാര്യയാണ് കേണൽ സോഫിയ ഖുറേഷി.
ആസിയാൻ അന്താരാഷ്ട്ര സൈനിക അഭ്യാസമായ ‘ഫോഴ്സ് 18’ൽ ഇന്ത്യൻ സേനയെ നയിച്ച ആദ്യ വനിതാ ഓഫീസറാണ് സോഫിയ. 18 രാജ്യങ്ങളിൽനിന്നുള്ള ലീഡിംഗ് കമാന്ഡർമാരിലെ ഏക വനിതയായിരുന്നു അവർ. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായിരുന്നു അത്.
കേണൽ സോഫിയ ജമ്മുവിലും ഭർത്താവ് ഝാൻസിയിലുമാണു സേവനമനുഷ്ഠിക്കുന്നത്. കേണൽ സോഫിയ സൈനിക നടപടി വിശദീകരിക്കാൻ എത്തിയതു കണ്ടപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നെന്നു ബാഗേവാഡി പറഞ്ഞു.
രാവിലെ മുതൽ അഭിനന്ദനമറിയിച്ച് വീട്ടിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.