രാജസ്ഥാനിലും പഞ്ചാബിലും ജാഗ്രത തുടരുന്നു
Saturday, May 10, 2025 2:05 AM IST
ജയ്പുർ: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത.
മിക്ക ആളുകളും ഇന്നലെ വീടിനുള്ളിൽത്തന്നെ കഴിഞ്ഞു. പൂർണമായ വൈദ്യുതി മുടക്കം ഏർപ്പെടുത്തിയതിനാൽ അമൃത്സർ, പത്താൻകോട്ട്, ഫിറോസ്പൂർ, ഗുരുദാസ്പൂർ എന്നിവയുൾപ്പെടെ പഞ്ചാബിലെ നിരവധി അതിർത്തി ജില്ലകളിലെ ആളുകൾ കടുത്ത ആശങ്കയിലായിരുന്നു. പഞ്ചാബ് പാക്കിസ്ഥാനുമായി 532 കിലോമീറ്ററും രാജസ്ഥാൻ 1,070 കിലോമീറ്ററും അതിർത്തി പങ്കിടുന്നു.
വ്യാഴാഴ്ച രാത്രി സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ അവകാശപ്പെട്ട പത്താൻകോട്ടിലും ഇന്നലെ ശാന്ത അന്തരീക്ഷമായിരുന്നു. സംഭവവികാസങ്ങളിൽ ആശങ്കാകുലരാണെങ്കിലും ഇന്ത്യയുടെ സായുധ സേന പാക്കിസ്ഥാന്റെ ശ്രമങ്ങൾ തടയുന്നതിനാൽ ആത്മവിശ്വാസമുണ്ടെന്ന് നാട്ടുകാർ പ്രതികരിച്ചു.
അതേസമയം, രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ കിഷൻഘട്ട് പ്രദേശത്ത് ഇന്നലെ രാവിലെ ബോംബ് പോലുള്ള വസ്തു കണ്ടെത്തി.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു നഴ്സറിക്ക് സമീപമാണ് ഈ വസ്തു കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രദേശം പോലീസും വ്യോമസേനയും വളഞ്ഞിരിക്കുകയാണ്.