സൈനിക നീക്കങ്ങളുടെ തൽസമയ സംപ്രേഷണം പാടില്ലെന്നു നിർദേശം
Saturday, May 10, 2025 2:04 AM IST
ന്യൂഡൽഹി: അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നീക്കങ്ങളുടെ തൽസമയ സംപ്രേഷണം നൽകുന്നതിൽനിന്ന് മാധ്യമ ചാനലുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വ്യക്തികളും വിട്ടനിൽക്കണമെന്നു പ്രതിരോധ മന്ത്രാലയം.
സൈനിക ഓപ്പറേഷനുകളും സുരക്ഷാസേനകളുടെ നീക്കങ്ങളുമടങ്ങുന്ന സുപ്രധാന വിവരങ്ങൾ പുറത്തുവിടുന്നത് ഓപ്പറേഷന്റെ ഫലപ്രാപ്തിയെ ഗുരുതരമായി ബാധിക്കുമെന്നും ജീവനുകൾ അപകടത്തിലാക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കാർഗിൽ യുദ്ധവും മുംബൈ ഭീകരാക്രമണവും കാണ്ഡഹാർ ഹൈജാക്കുമാണ് അപക്വമായ റിപ്പോർട്ടിംഗ് ജീവനുകൾ അപകടത്തിലാക്കുന്നതിന് ഉദാഹരണമായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് (ഭേദഗതി) നിയമത്തിലെ വ്യവസ്ഥ പ്രകാരം തീവ്രവാദ വിരുദ്ധ ഓപറേഷനുകളിൽ തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ നൽകുന്ന ആനുകാലിക സംഗ്രഹങ്ങൾ മാത്രമേ മാധ്യമസ്ഥാപനങ്ങൾക്ക് നൽകാൻ കഴിയൂവെന്ന് പ്രതിരോധ മന്ത്രാലയം അടിവരയിട്ടു.
ദേശീയമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സംപ്രേഷണത്തിൽ മാധ്യമ ഉടമകൾ ജാഗ്രതയും അവബോധവും ഉത്തരവാദിത്വവും പ്രകടിപ്പിക്കണമെന്നു കേന്ദ്ര നിർദേശമുണ്ട്.
അതിനിടെ പാക്കിസ്ഥാൻ മാധ്യമങ്ങൾ സത്യങ്ങൾ വളച്ചൊടിക്കുകയാണെന്നു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പറഞ്ഞു.
പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ വസ്തുതകൾ വളച്ചൊടിച്ചു അവരുടെ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു കേന്ദ്രം ആരോപിച്ചു.
ഇന്ത്യൻ ഡ്രോണുകൾ പാക്കിസ്ഥാൻ വ്യോമസേന വെടിവച്ചിട്ടെന്ന സ്ഥിരീകരിക്കാനാകാത്ത അവകാശവാദങ്ങൾ മാധ്യമങ്ങൾ നൽകുകയും ദേശസ്നേഹ പ്രചാരണത്തിന്റെ മറവിൽ തീവ്രവാദത്തെ സംരക്ഷിക്കുകയും ചെയ്യുകയാണെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.