ഇന്ത്യൻ പ്രഹരം; വിറങ്ങലിച്ച് പാക്കിസ്ഥാൻ
Friday, May 9, 2025 4:19 AM IST
സനു സിറിയക്
ന്യൂഡൽഹി: ജമ്മുവിലും പഞ്ചാബിലും ഇന്നലെ രാത്രി ഒന്പതോടെ പാക്കിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ ഷെൽ ആക്രമണം വിഫലമാക്കി ഇന്ത്യൻ സേന. പാക്കിസ്ഥാന്റെ മൂന്നു യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു.
അന്പതോളം പാക് ഡ്രോണുകളും എട്ടു മിസൈലുകളും തകർത്തു. വ്യോമതാവളമുള്ള ജമ്മു വിമാനത്താവളമാണു പാക് സൈന്യം ലക്ഷ്യമിട്ടത്. ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. രാജസ്ഥാനിലും ആക്രമണശ്രമമുണ്ടായി. പാക്കിസ്ഥാനു ചുട്ട മറുപടി നല്കിയ ഇന്ത്യ ലാഹോറിലും ഇസ്ലാമാബാദിലും കറാച്ചി യിലും മിസൈൽ ആക്രമണം നടത്തിയെന്നാണു റിപ്പോർട്ട്.
അറബിക്കടലിൽ നങ്കൂരമിട്ടിരുന്ന പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽനിന്നായിരുന്നു മിസൈൽ ആക്രമണം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കടുത്ത് സ്ഫോടനമുണ്ടായി. പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽനിന്നു മാറ്റി.
ജമ്മു കാഷ്മീരിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഉധംപുർ, കുപ്വാര, പത്താൻകോട്ട് എന്നിവിടങ്ങളിലും കനത്ത വെടിവയ്പുണ്ടായി. ജമ്മുവിൽ ബ്ലാക്കൗട്ട് (യുദ്ധവേളയിൽ എല്ലാ ലൈറ്റുകളും അണയ്ക്കുന്നതിനുള്ള സർക്കാർ നിർദേശം) പ്രഖ്യാപിച്ചിരുന്നു.ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
രാജസ്ഥാനിലും പഞ്ചാബിലും അതീവ ജാഗ്രതാ നിർദേശമുണ്ട്. രാജസ്ഥാനിലെ ജയ്സാൽമേറിൽനിന്നും അഖ്നൂരിൽ നിന്നുമായി രണ്ട് പാക് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തെന്നു റിപ്പോർട്ടുണ്ട്. രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചു. ലാഹോറിലെ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ഇന്ത്യൻ സേന.
ഇന്ത്യയുടെ 15 സൈനിക കേന്ദ്രങ്ങളിലേക്ക് ഇന്നലെ പുലർച്ചെ ആക്രമണം നടത്താൻ ശ്രമിച്ച പാക്കിസ്ഥാനു നൽകിയ മറുപടിയിലാണു വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകർത്തത്. ഇന്നലെ രാവിലെയായിരുന്നു ഡ്രോണ് ഉപയോഗിച്ചുള്ള ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം.
ഉത്തര, പശ്ചിമ ഇന്ത്യയിലെ അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപുർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, ഉത്തർലായി, ഭുജ് തുടങ്ങിയ മേഖലകളിലാണു പാക്കിസ്ഥാൻ ആക്രമണത്തിനു ശ്രമിച്ചത്. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങൾ പരാജയപ്പെടുത്തി.
പാക് ആക്രമണം വ്യക്തമാക്കുന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയതായും സൈനിക വക്താക്കളായ വ്യോമിക സിംഗും സോഫിയ ഖുറേഷിയും ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലാഹോറിൽ നടത്തിയ ആക്രമണത്തെത്തുടർന്നുള്ള ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിൽ ഇന്നലെ രാവിലെ പുറത്തു വന്നിരുന്നു. നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ആക്രമണം തുടരുകയാണ്. കാഷ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, രജൗരി മേഖലകളിൽ നടത്തിയ ഷെൽ ആക്രമണത്തിൽ മൂന്നു സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാന്റെ നടപടിയിൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന നിർബന്ധിതരായതായും സംഘർഷം വർധിപ്പിക്കാൻ താത്പര്യമില്ലെന്നും, പാക്കിസ്ഥാൻ സൈന്യം സ്വീകരിക്കുന്ന നിലപാടിനനുസരിച്ച് ഇന്ത്യൻ സേന പ്രതികരിക്കുമെന്നും സൈന്യം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണമാണ് എല്ലാറ്റിനും തുടക്കമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.''26 പേരുടെ ജീവനെടുത്ത കിരാത നടപടിക്ക് മറുപടിയായാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാൻ സൈന്യത്തെയോ ജനവാസ കേന്ദ്രങ്ങളെയോ ഇന്ത്യൻ സേന ആക്രമിച്ചിട്ടില്ല.
പഹൽഗാം ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദത്തിൽ കഴന്പില്ല. ആക്രമണം നടത്തിയ ദി റെസിസ്റ്റന്റ് ഫ്രണ്ട് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ലഷ്കർ-ഇ- തൊയ്ബയുടെ നിഴൽസംഘടനയാണ്. ഐക്യരാഷ്ട്ര സഭയെ ഇന്ത്യ ഇതറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലോകരാഷ്ട്രങ്ങൾ അറിയിക്കും''- വിദേശകാര്യ മന്ത്രാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മിസ്രി വ്യക്തമാക്കി.
തീവ്രവാദ കേന്ദ്രങ്ങളെ മാത്രം ഇന്ത്യ ലക്ഷ്യമിട്ടപ്പോൾ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ സാധാരണക്കാർക്കു നേരേ ആക്രമണം തുടരുകയെന്നും മിസ്രി വ്യക്തമാക്കി.