സൗദി മന്ത്രിയുടെ അപ്രഖ്യാപിത സന്ദർശനം
Friday, May 9, 2025 4:19 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ സൗദി വിദേശകാര്യ സഹമന്ത്രി ആദെൽ അൽ-ജുബൈർ ഇന്ത്യയിൽ.
ഇറേനിയൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി രാജ്യതലസ്ഥാനം സന്ദർശിക്കുന്നതിടെയാണ് സൗദി മന്ത്രിയുടെ അപ്രഖ്യാപിത സന്ദർശനം. സൗദി മന്ത്രി, വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ചർച്ചയുടെ വിശദാംശം പുറത്തു വന്നിട്ടില്ല.
സൗദി വിദേശകാര്യസഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ നിലപാട് പങ്കുവച്ചുവെന്നും ജയ്ശങ്കർ എക്സിൽ പോസ്റ്റ് ചെയ്തു.
ഇന്ത്യയുമായുള്ള ഉഭയകക്ഷി സംയുക്ത കമ്മീഷന്റെ യോഗത്തിൽ സഹ അധ്യക്ഷത വഹിക്കാനാണ് ഇറേനിയൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ന്യൂഡൽഹിയിലെത്തിയത്.
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായുള്ള മധ്യസ്ഥത വഹിക്കാൻ അരാഗ്ച്ചി പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സന്നദ്ധത അറിയിച്ചിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും ഇറാന്റെ സഹോദരങ്ങളായ അയൽക്കാരാണെന്ന് അരാഗ്ചി കഴിഞ്ഞ മാസം എക്സിൽ കുറിച്ചിരുന്നു.