ഓപ്പറേഷൻ സിന്ദൂർ നാൾവഴി
Friday, May 9, 2025 4:19 AM IST
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. രാജ്യത്ത് ഈ ദിവസങ്ങളിൽ നടന്ന പ്രധാന നീക്കങ്ങൾ.
►ഏപ്രിൽ 22
കാഷ്മീരിലെ പഹൽഗാമിൽ ബൈസരണ്‍ താഴ്വരയിൽ വിനോദസഞ്ചാരികൾക്കു നേരേ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ ഒരു നേപ്പാൾ പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ-ഇ- തൊയ്ബയുടെ നിഴൽസംഘനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തു. ആക്രമണത്തിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ കാഷ്മീരിലേക്ക്. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ച് സൈന്യം.
►ഏപ്രിൽ 23
സൗദി സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം വെട്ടിച്ചുരുക്കി പുലർച്ചെ ഡൽഹിയിൽ. വിമാനത്താവളത്തിൽതന്നെ അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി അടിയന്തര യോഗം. ആദ്യ നയതന്ത്ര നീക്കത്തിൽ സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതടക്കമുള്ള പ്രധാന അഞ്ച് നടപടികൾ ഇന്ത്യ സ്വീകരിച്ചു. മറ്റ് രാഷ്ട്രത്തലവന്മാരെ വിഷയം ധരിപ്പിച്ചു.
►ഏപ്രിൽ 24
ബിഹാറിൽ നടന്ന പൊതുപരിപാടിയിൽ ആക്രമണത്തിന് പിന്നിലുള്ളവരെ പിന്തുടർന്ന് ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം സർവകക്ഷി യോഗം വിളിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു. തീവ്രവാദത്തിനെതിരേ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷം.
►ഏപ്രിൽ 27
പഹൽഗാം ആക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജൻസി (എൻഎഎ) ഔദ്യോഗികമായി ഏറ്റെടുത്തു.
►ഏപ്രിൽ 29
തിരിച്ചടിക്കുള്ള പൂർണ അധികാരം സൈന്യത്തിന്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കര, നാവിക, വ്യോമസേനാ മേധാവികൾ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു നടപടി.
►മേയ് 3
പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങൾ വിച്ഛേദിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു.
►മേയ് 4
പാക്കിസ്ഥാനിലേക്കുള്ള ചെനാബ് നദിയിലെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. ഝലം നദിയിലും സമാന നിലപാട് സ്വീകരിച്ചു.
►മേയ് 5
രാജ്യവ്യാപകമായി മോക്ഡ്രില്ലുകൾ നടത്താൻ കേന്ദ്രസർക്കാരിന്റെ നിർദേശം.
►മേയ് 6
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു. ആക്രമണത്തിൽ പാക്കിസ്ഥാന്റെ നിലപാടിൽ സുരക്ഷാ കൗണ്‍സിൽ ശക്തമായി പ്രതിഷേധിച്ചതായി റിപ്പോർട്ട്.
►മേയ് 7
പുലർച്ചെ 1.05നും 1 .30നും ഇടയിൽ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം. 100 പേരിലേറെപ്പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ.
►മേയ് 7
സൈന്യം നടത്തിയ വാർത്താസമ്മേളനത്തിൽ തീവ്രവാദകേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചതെന്ന് വിശദീകരണം. പാക്കിസ്ഥാൻ സൈന്യത്തിനു നേരെയും ജനങ്ങൾക്കു നേരെയും ആക്രമണം നടന്നിട്ടില്ലെന്ന് ഇന്ത്യൻസേന.