കാഷ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു; ഓൺലൈൻ ക്ലാസുകൾ തുടങ്ങി
Saturday, May 10, 2025 2:05 AM IST
ശ്രീനഗർ: പാക് ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷം നിലനിൽക്കുന്ന കാഷ്മീർ താഴ്വരയിൽ സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
വീടുകൾക്കു വെളിയിലിറങ്ങാൻ പലരും മടിക്കുന്നതിനാൽ ഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകളുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.
മേയ് ഏഴുമുതൽ സ്കൂളുകൾക്ക് അവധി നല്കിയിരുന്നു. സുരക്ഷയാണ് പ്രധാനം എന്നതിനാൽ കുട്ടികൾ വെളിയിലിറങ്ങുന്നില്ല. പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെടുമെന്നതിനാൽ ക്ലാസുകൾ ഓൺലൈനാക്കിയെന്നും പുൽവാമ ജില്ലയിലെ പാംപോറിലുള്ള സബാ ഭട്ട് പറഞ്ഞു. ഇവരുടെ രണ്ടുകുട്ടികൾ ഇവിടെ സ്വകാര്യ സ്കൂളിൽ പഠിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങൾ പലതും ഇപ്പോഴും അടച്ചുകിടക്കുകയാണ്.