കോൺഗ്രസ് അഴിച്ചുപണിയിൽ സാമുദായിക-പ്രാദേശിക പരിഗണനകൾ
Friday, May 9, 2025 3:30 AM IST
ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയുടെ വിയോഗവും എ.കെ. ആന്റണിയുടെ സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള പിൻവാങ്ങലും മൂലം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിൽ ക്രൈസ്തവ നേതാക്കളുടെ അഭാവം പ്രകടമായതിനെ തുടർന്നാണു പ്രബല കത്തോലിക്ക സമുദായാംഗവും മുതിർന്ന നേതാവുമായ സണ്ണി ജോസഫിനെ കെപിസിസിയുടെ നായകനായി നിയമിച്ചത്.
കോണ്‍ഗ്രസിൽ നിന്നു ക്രൈസ്തവ വിഭാഗങ്ങൾ അകലുന്നതു തടയാനും വടക്കൻ കേരളത്തിൽ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനും സണ്ണിയുടെ നിയമനം സഹായിക്കുമെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
ആരോഗ്യപ്രശ്നങ്ങളുള്ള കെ. സുധാകരനെ മാറ്റി പിസിസി നേതൃത്വത്തിൽ സമൂല അഴിച്ചുപണി നടത്തണമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി റിപ്പോർട്ടു നൽകിയിരുന്നു.
വർക്കിംഗ് പ്രസിഡന്റുമാരെ മാറ്റി തലമുറമാറ്റവും ശിപാർശ ചെയ്തിരുന്നു. ഈഴവ സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാവെന്നതാണു അടൂർ പ്രകാശിനെ യുഡിഎഫ് കണ്‍വീനർ സ്ഥാനത്തെത്തിച്ചത്. സാമുദായികവും പ്രാദേശികവുമായ പരിഗണനകളും പുതിയ നിയമനങ്ങളിൽ പ്രകടമാണ്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിൽ നിന്നുള്ള രാജ്യസഭാംഗം ഡോ. അഖിലേഷ് പ്രസാദ് സിംഗിനെയും കോണ്‍ഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി നിയമിച്ചിട്ടുണ്ട്. ബിഹാറിലെ പ്രബല ബ്രാഹ്മണ വിഭാഗമായ ഭൂമിഹാർ സമുദായത്തിൽ നിന്നുള്ള നേതാവാണു അഖിലേഷ്.