ആകാശത്തു രക്ഷാകവചം
Saturday, May 10, 2025 2:04 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ ഡ്രോണുകളുടെയും മിസൈലുകളുടെയും പ്രഹരശേഷിയാണ് പാക്കിസ്ഥാന് വെളിപ്പെടുത്തി കൊടുത്തതെങ്കിൽ 15 ഇന്ത്യൻ നഗരങ്ങളിലേക്കുള്ള പാക് ആക്രമണം ആകാശത്തു കവചമൊരുക്കി തകർത്തതിലൂടെ ഇന്ത്യ തെളിയിച്ചത് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തിയാണ്.
അതിർത്തി സംസ്ഥാനങ്ങളിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലേക്ക് പാക്കിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും എത്തിയപ്പോൾ ഇന്ത്യയുടെ രക്ഷാകവചം അവയെ നിലംതൊടാൻ അനുവദിച്ചില്ല. റഷ്യൻ നിർമിത എസ്-400 മുതൽ ഇന്ത്യയുടെ തദ്ദേശീയ നിർമിത ആകാശ് സംവിധാനം വരെ നീളുന്നു രാജ്യത്തിന്റെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനം.
എസ്-400
ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്റെ ദീർഘദൂര പരിധിയിലെ താരമാണ് എസ്-400 അല്ലെങ്കിൽ സുദർശൻ ചക്ര എന്നറിയപ്പെടുന്ന വ്യോമ പ്രതിരോധ സംവിധാനം. ലോകത്തിലെ ഏറ്റവും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായി കണക്കാക്കപ്പെടുന്നു.
റഷ്യയിൽ നിർമിച്ച എസ്-400 ട്രയംഫുകൾക്കായി ഇന്ത്യ 2018ലാണ് ഏകദേശം 35,000 കോടി രൂപയുടെ കരാറിലൊപ്പിട്ടത്. ദീർഘദൂര ശേഷി വളരെ മികച്ചതായതിനാൽ നാറ്റോ അംഗരാജ്യങ്ങളെല്ലാം എസ്-400നെ ഭീഷണിയായി കണക്കിലാക്കുന്നു. നിലവിൽ എസ്-400ന്റെ മൂന്ന് സ്ക്വാഡ്രനുകൾ ഇന്ത്യയുടെ പക്കലുണ്ട്. 2026ഓടെ രണ്ടെണ്ണം കൂടി കരസ്ഥമാക്കാനും ഇന്ത്യ ശ്രമിക്കുന്നു. ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ തടഞ്ഞ് രാജ്യത്തിന്റെ അഭിമാനമായി എസ്-400 മാറി.
ബറാക് 8
ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ചെടുത്ത ബറാക് 8 മധ്യദൂര മിസൈൽ പരിധിയുള്ള സർഫസ്-ടു-എയർ മിസൈൽ സംവിധാനമാണ്. 70 മുതൽ 80 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബറാക് 8 ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ, ഹ്രസ്യ ദൂര മിസൈൽ പരിധികൾ തുടങ്ങിയ വ്യോമമാർഗ ഭീഷണികളെ ഫലപ്രാപ്തിയോടെ പ്രതിരോധിക്കുന്നു. ഐഎൻഎസ് വിക്രാന്ത് പോലെയുള്ള ഇന്ത്യൻ പടക്കപ്പലുകളെ ആകാശ ഭീഷണികളിൽനിന്ന് സംരക്ഷിക്കാൻ സൈന്യം ബറാക് 8 ഉപയോഗിക്കുന്നു.
ആകാശ് മിസൈൽ സംവിധാനം
ഇന്ത്യ തദ്ദേശീയമായി നിർമിച്ചെടുത്ത അഭിമാനം. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കും നിയന്ത്രണരേഖയിലേക്കുമുള്ള പാക്ക് ഡ്രോണ് ആക്രമണങ്ങളെ തടുത്തിട്ടത് ആകാശിന്റെ മിസൈൽ പ്രതിരോധ സംവിധാനമാണ്.
മധ്യദൂര പരിധിയുള്ള സർഫസ്-ടു-എയർ മിസൈൽ സംവിധാനമായ ആകാശ് വികസിപ്പിച്ചെടുത്തത് ഇന്ത്യയുടെ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ).
ആകാശിലെ തത്സമയ മൾട്ടി സെൻസർ ഡാറ്റ പ്രോസസിംഗും ഭീഷണികൾ വിലയിരുത്തുന്നതിനുള്ള മികച്ച സംവിധാനവും ഒന്നിലധികം ദിശയിലെ ആക്രമണങ്ങളെ ഒരേ സമയം പ്രതിരോധിക്കാൻ സഹായിക്കുന്നു. 35 മുതൽ 60 കിലോമീറ്റർ വരെ പരിധിയിലുള്ള വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ ആകാശിനു കഴിയും.
സ്പൈഡറും ഇഗ്ല-എസും
ഇസ്രായേൽ സാങ്കേതികവിദ്യയിൽ നിർമിച്ച സ്പൈഡർ ഇന്ത്യയുടെ ഹ്രസ്വദൂര പ്രതിരോധ സംവിധാനത്തിലെ പ്രധാനിയാണ്. താഴ്ന്നുപറക്കുന്ന ഭീഷണികളെ അതിവേഗ തിരിച്ചടിയിലൂടെ വീഴ്ത്തുന്ന സ്പൈഡറിന് 15 കിലോമീറ്റർ ദൂരപരിധിയുണ്ട്.
താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ലക്ഷ്യംവയ്ക്കുന്ന ഇഗ്ല എസ് സൈനികർക്കുതന്നെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റിവയ്ക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ്.