ആറാം ദിവസം എണ്ണി തിട്ടപ്പെടുത്തി 353 കോടി രൂപ!
Tuesday, December 12, 2023 1:57 AM IST
ഭുവനേശ്വർ: കോണ്ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ആധായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 353 കോടി രൂപ! മൂന്ന് സംസ്ഥാനങ്ങളിൽനിന്നായി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത തുക ആറാം ദിവസവമാണ് എണ്ണി തിട്ടപ്പെടുത്തിയത്.
പണംകൂടാതെ മൂന്നു കിലോയോളം സ്വർണവും കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് ആദായനികുതി വകുപ്പ് റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നാണ് റിപ്പോർട്ട്.
ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമാണ കന്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡീഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്.
നികുതിവെട്ടിപ്പ്, രേഖകളിലാതെ പണമിടപാട് എന്നിവ ആരോപിച്ച് ഡിസംബർ ആറിനായിരുന്നു റെയ്ഡ് തുടങ്ങിയത്. റെയ്ഡിൽ പിടിച്ചെടുത്ത തുക ബലൻഗിറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.
പിടിച്ചെടുത്ത പണം കോണ്ഗ്രസിന്റെ അഴിമതിയാണു തെളിയിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ ബിജെപി എംപിമാർ ഇന്നലെ പാർലമെന്റ് കോംപ്ലക്സിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം പ്രതിഷേധപ്രകടനം നടത്തി. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇത് ആരുടെ പണമാണെന്നും എങ്ങനെ കൊള്ളയടിച്ചുവെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയേണ്ടിവരുമെന്നും നഡ്ഡ പറഞ്ഞു.
ലോക്സഭയിലും ബിജെപി അംഗങ്ങൾ വിഷയം ഉന്നയിച്ചു. സംഭവത്തിൽ ധീരജ് പ്രസാദ് സാഹുവിനെ തള്ളി കോണ്ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സാഹുവിന്റെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്നും പണത്തിന്റെ ഉറവിടം എംപി വ്യക്തമാക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.