പുറത്താക്കൽ: മഹുവ സുപ്രീംകോടതിയിൽ
Tuesday, December 12, 2023 1:57 AM IST
ന്യൂഡൽഹി: ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്നു പുറത്താക്കിയ നടപടി ചോദ്യംചെയ്തു തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു.
പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടനാലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഇന്നലെയാണു മഹുവ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനി ഗ്രൂപ്പിനുമെതിരേ ചോദ്യമുന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്സഭയിൽ ആരോപണം ഉന്നയിച്ചത്. ഇതിനായി പാർലമെന്ററി ലോഗിൻ ഐഡിയും പാസ്വേഡും ഹിരാനന്ദാനിക്ക് മഹുവ നൽകിയെന്നും ദുബെ സ്പീക്കർക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി സ്പീക്കർ പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ എത്തിക്സ് കമ്മിറ്റിയാണ് മഹുവയെ പുറത്താക്കാൻ ശിപാർശ ചെയ്ത് റിപ്പോർട്ട് നൽകിയത്.
ഈ റിപ്പോർട്ട് പരിഗണിച്ച് അവതരിപ്പിച്ച പ്രമേയത്തിലൂടെ കഴിഞ്ഞ എട്ടിനാണ് ലോക്സഭയിൽ നിന്ന് മഹുവയെ പുറത്താക്കിയത്. മഹുവയ്ക്കെതിരായ ആരോപണങ്ങളിൽ സിബിഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.