“മീനാക്ഷി ലേഖിയുടെ പരസ്യപ്രസ്താവന ഭരണഘടനാ ലംഘനം”
Tuesday, December 12, 2023 1:57 AM IST
ന്യൂഡൽഹി: ഹമാസുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരസ്യപ്രസ്താവന മന്ത്രിസഭയ്ക്കു കുട്ടുത്തരവാദിത്വം ഇല്ലാത്തതിന്റെ തെളിവാണെന്നു പ്രതിപക്ഷം. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ എംപിയും ബെന്നി ബെഹനാൻ എംപിയും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ച സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഖത്തറിലും മാലിദ്വീപിലും അമേരിക്കയിലും ഇന്ത്യയ്ക്കെതിരേ നടപടിയുണ്ടായി. ഹമാസിനെ സംബന്ധിച്ച ചോദ്യങ്ങൾക്കുപോലും മറുപടി പറയാൻ കേന്ദ്രത്തിനു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ മീനാക്ഷി ലേഖി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കെ. സുധാകരൻ എംപി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോയെന്ന കെ.സുധാകരൻ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ലോക്സഭയിൽ കെ. സുധാകരൻ എംപി ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചോദ്യത്തിന് മറ്റൊരു കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ പേരിൽ മറുപടി ലഭിച്ചത് സാങ്കേതിക പിഴവാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യൻ സർക്കാരിന് എന്തെങ്കിലും നിർദേശമുണ്ടോയെന്നും ഇതുസംബന്ധിച്ച് ഇസ്രയേൽ സർക്കാർ എന്തെങ്കിലും ആവശ്യമുന്നയിച്ചിട്ടുണ്ടോയെന്നുമായിരുന്നു കെ. സുധാകരന്റെ ചോദ്യം.