വസുന്ധര രാജെയ്ക്കൊപ്പം 60 എംഎൽഎമാർ
Wednesday, December 6, 2023 1:16 AM IST
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും സാധ്യതയുള്ള വസുന്ധര രാജെയെ പിന്തുണയ്ക്കുന്നത് അറുപതോളം ബിജെപി എംഎൽഎമാർ. തിങ്കളാഴ്ചയും ഇന്നലെയുമായി 60 ബിജെപി എംഎൽഎമാർ വസുന്ധരയുടെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
ഇന്നലെ മാത്രം 11 പേരാണെത്തിയത്. സഞ്ജീവ് ബേനിവാൾ, അർജുൻ ഗാർഗ്, ജോഗ റാം, അജയ് സിംഗ്, ഡോ. ജസ്വന്ത് യാദവ്. തുടങ്ങിയവരാണ് ഇന്നലെ വസുന്ധരയുടെ വീട്ടിലെത്തിയത്.
രണ്ടു തവണയായി പത്തു വർഷം രാജസ്ഥാൻ മുഖ്യമന്ത്രിയായ ആളാണ് വസുന്ധര രാജെ. 2018ലെ തോൽവിയോടെ ഇവർ ബിജെപിയിൽ ഒതുക്കപ്പെട്ടു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ലോക്സഭാ സ്പീക്കർ ഓം ബിർല തുടങ്ങിയവർ വസുന്ധരയുടെ എതിർ പക്ഷത്താണ്.
അതേസമയം, മുഖ്യമന്ത്രിയാരെന്നു ബിജെപി പാർലമെന്ററി ബോർഡ് പ്രഖ്യാപിക്കുമെന്നു രാജസ്ഥാന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിംഗ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷിയെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സിംഗ്.