തെലുങ്കാന: കർഷകസഹായത്തിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്
ജോർജ് കള്ളിവയലിൽ
Tuesday, November 28, 2023 1:46 AM IST
ന്യൂഡൽഹി: കർഷകർക്കു ധനസഹായം നൽകിയ തെലുങ്കാന സർക്കാരിന്റെ ‘റൈതു ബന്ധു പദ്ധതി’ക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പൂട്ട്. നേരത്തേ കമ്മീഷൻ തന്നെ അനുമതി നൽകിയ പദ്ധതിയാണ് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമെന്നു ചൂണ്ടിക്കാട്ടി ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയത്. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുന്‍പുള്ള നടപടി ഫലത്തെ സ്വാധീനിക്കുമെന്ന് ഭരണകക്ഷിയായ ഭാരതീയ രാഷ്ട്രസമിതി (ബിആർഎസ്) ആരോപിച്ചു.
തെലുങ്കാനയിലെ കർഷകരുടെ റാബി വിളകൾക്ക് 5,000 രൂപവീതം ധനസഹായം നൽകുന്നതിനായി സംസ്ഥാന സർക്കാരിനു നൽകിയ അനുമതി പിൻവലിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ അറിയിച്ചു. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കർഷകർക്കു പണം വിതരണം ചെയ്യരുതെന്ന് കമ്മീഷൻ നിർദേശിച്ചു. തീരുമാനം പ്രാബല്യത്തിലാണെന്നും പണവിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കി റിപ്പോർട്ട് നൽകാനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടു.
മാതൃകാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണു സംസ്ഥാന ധനമന്ത്രി ടി. ഹരീഷ് റാവു കർഷകർക്ക് സാന്പത്തികസഹായം നൽകുന്നതിന്റെ പരസ്യപ്രഖ്യാപനം നടത്തിയതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്നലെ പണം വിതരണം ചെയ്യുമെന്നും പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുന്‍പുതന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് തുക എത്തുമെന്നുമായിരുന്നു മന്ത്രിയുടെ ഞായറാഴ്ചത്തെ പ്രഖ്യാപനം. പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ മാത്രമല്ല മന്ത്രി ലംഘിച്ചിട്ടുള്ളതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പദ്ധതിയനുസരിച്ച് പണം വിതരണം ചെയ്യുന്നതിന്റെ പരസ്യപ്രഖ്യാപനം അനുവദിക്കാനാകില്ല. തെരഞ്ഞെടുപ്പുകാലത്ത് പണം വിതരണം ചെയ്യരുതെന്നതാണു ചട്ടമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
കാർഷിക നിക്ഷേപ സഹായ പദ്ധതി എന്നറിയപ്പെടുന്ന ഋതു ബന്ധു പദ്ധതി അഞ്ചു വർഷമായി നിലവിലുള്ളതാണെന്നും മുൻവർഷങ്ങളിലും ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് തുക വിതരണം ചെയ്തിരുന്നതെന്നും സംസ്ഥാനസർക്കാർ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പദ്ധതി തുടരുന്നതിന് എതിർപ്പില്ലെന്നും ചില വ്യവസ്ഥകളോടെ തുക നൽകാമെന്നും അനുമതി നൽകിയതെന്നാണു കമ്മീഷന്റെ പുതിയ വിശദീകരണം. എന്നാൽ കഴിഞ്ഞ ശനിയാഴ്ച കമ്മീഷൻതന്നെ നൽകിയ അനുമതിയാണ് ഇന്നലെ റദ്ദാക്കിയതെന്നതാണു ശ്രദ്ധേയം. വോട്ടെടുപ്പിന് തൊട്ടുമുന്‍പായി വോട്ടർമാർക്കു പണം വിതരണം ചെയ്യുന്നതിനെ കോണ്‍ഗ്രസും ബിജെപിയും എതിർത്തിരുന്നു.
തെലുങ്കാനയിലെ 119 അംഗ നിയമസഭയിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. സംസ്ഥാന രൂപീകരണം മുതൽ തുടർച്ചയായി രണ്ടുതവണ അധികാരത്തിലേറിയ ബിആർഎസിനു ശക്തമായ വെല്ലുവിളിയാണ് ഇത്തവണ കോണ്‍ഗ്രസ് ഉയർത്തിയത്. ബിജെപിയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും സജീവ പ്രചാരണത്തിലാണ്. പരസ്യപ്രചാരണം ഇന്നു സമാപിക്കുന്നതിന് തൊട്ടുമുന്പായാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർണായക നടപടി.
റൈതു ബന്ധു പദ്ധതി
ഏക്കറിന് 5,000 രൂപ വിള നിക്ഷേപങ്ങൾക്കായി കർഷകർക്ക് ധനസഹായം നൽകുന്ന പദ്ധതി 2018ലാണ് ബിആർഎസ് സർക്കാർ ആരംഭിച്ചത്. ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ രണ്ടു തവണയായാണു തുക വിതരണം ചെയ്തിരുന്നത്. മൊത്തം 65,000 കോടി രൂപയുടെ സാന്പത്തിക സഹായ പദ്ധതി പ്രകാരം ഇതുവരെ പത്തു തവണ പണം കൈമാറിയിട്ടുണ്ട്. 2018-19 ലെ ബജറ്റിൽ 12,000 കോടി രൂപയാണു പദ്ധതിക്കായി നീക്കിവച്ചത്. 2023-24ൽ വിഹിതം 15,075 കോടി രൂപയായി വർധിപ്പിച്ചു.