കാപ്പി വീണ് യാത്രക്കാരിക്കു പൊള്ളൽ: മാപ്പു പറഞ്ഞ് എയർ ഇന്ത്യ
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: ജീവനക്കാർ കാപ്പി പകരുന്നതിനിടെ യാത്രക്കാരിയുടെ ദേഹത്തു വീണ സംഭവത്തിൽ മാപ്പു പറഞ്ഞ് എയർ ഇന്ത്യ.
കഴിഞ്ഞ 20 നു ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ നടന്ന സംഭവം സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞദിവസമാണ് യാത്രക്കാരി പുറംലോകത്തെ അറിയിച്ചത്.
സാൻഫ്രാൻസിസ്കോയിലേക്കുള്ള എഎൽ 173 നന്പർ വിമാനത്തിൽ നാലു വയസുള്ള മകനും 83 കാരിയായ ഭർതൃമാതാവിനുമൊപ്പമാണ് സഞ്ചരിച്ചതെന്നു കുറിപ്പിൽ അവർ പറയുന്നു.
തിളച്ച കാപ്പി വീണ് കാലുകളിൽ അതികഠിനമായ വേദനയുണ്ടായി. യാത്രക്കാരനായ ഒരു ഡോക്ടർ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. വേദന സഹിച്ച് മണിക്കൂറുകളോളം വിമാനത്തിൽ തുടരേണ്ടിവന്നുവെന്നും അവർ കുറിപ്പിൽ ആരോപിച്ചു.