‘അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല’മെരുങ്ങാതെ സച്ചിൻ പൈലറ്റ്
Thursday, June 1, 2023 1:48 AM IST
ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിൽ ഹൈക്കമാൻഡ് ഇടപെട്ട് ഐക്യമുണ്ടാക്കിയെങ്കിലും വീണ്ടും വെടിപൊട്ടിച്ച് സച്ചിൻ പൈലറ്റ്. അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സച്ചിൻ സ്വന്തം മണ്ഡലമായ ടോങ്കിൽ പറഞ്ഞു.
ഞാൻ ഉയർത്തിയ വിഷയങ്ങൾ, പ്രത്യേകിച്ച് അഴിമതിയുടെ കാര്യം വീണ്ടും പറയുകയാണ്. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് വലിയ അഴിമതിയും കൊള്ളയും നടന്നു. അവർക്കെതിരേ നടപടിയുണ്ടാകണം.
യുവാക്കളുടെ ഭാവിയെ സംബന്ധിച്ച കാര്യത്തിലും യാതൊരു ഒത്തുതീർപ്പുമില്ല. അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ നടപടികൾക്കായി കാത്തിരിക്കുകയാണ്-സച്ചിൻ പൈലറ്റ് പറഞ്ഞു. രാജസ്ഥാൻ കോൺഗ്രസിൽ മൂന്നു വർഷത്തിലേറെയായി തുടരുന്ന ഭിന്നതയ്ക്ക് തിങ്കളാഴ്ചയാണു ഹൈക്കമാൻഡ് ഇടപെട്ട് പരിഹാരമുണ്ടാക്കിയത്. എന്നാൽ, വിട്ടുവീഴ്ചയ്ക്കു സന്നദ്ധനല്ലെന്ന സൂചനയാണു സച്ചിൻ നല്കുന്നത്.