കർണാടക മന്ത്രിസഭാ വികസനം ഇന്ന്
Saturday, May 27, 2023 1:28 AM IST
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭ ഇന്നു വികസിപ്പിക്കും. വകുപ്പു വിഭജനവും ഇന്നുണ്ടായേക്കും. കർണാടക നിയമസഭയുടെ അംഗബലമനുസരിച്ച് 34 മന്ത്രിമാർ വരെയാകാം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 10 പേരാണ് മേയ് 20നു സത്യപ്രതിജ്ഞ ചെയ്തത്.
24 മന്ത്രിമാരെ വരെ ഇനി ഉൾപ്പെടുത്താം. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിൽനിന്ന് നാലു പേർ വീതവും പട്ടികജാതി ,പട്ടികവർഗ വിഭാഗങ്ങളിൽനിന്നു രണ്ടു പേർ വീതവും മുസ്ലിം, ബ്രാഹ്മണ വിഭാഗങ്ങളിൽനിന്ന് ഓരോ മന്ത്രിമാരും ഉണ്ടാകും. ഒരു വനിതയ്ക്കും പ്രാതിനിധ്യം ലഭിക്കും.
ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈര ഗൗഡ, ഈശ്വർ ഖൻദ്രെ, റഹീം ഖാൻ, സന്തോഷ് ലാഡ്, കെ.എൻ. രാജണ്ണ, പീരിയപട്ടണ വെങ്കടേഷ്, എച്ച്.സി. മഹാദേവപ്പ, ബൈരാതി സുരേഷ്, സി. പുട്ടരംഗഷെട്ടി, ശിവരാജ് തംഗഡി, ആർ.ബി. തിമ്മപുർ, ബി. നാഗേന്ദ്ര എന്നീ സിദ്ധരാമയ്യ പക്ഷക്കാരും ലക്ഷ്മി ഹെബ്ബാൽക്കർ, മധു ബംഗാരപ്പ, ഡി. സുധാകർ, ചെലുവരായ സ്വാമി, മൻകുൽ വൈദ്യ, എം.സി. സുധാകർ എന്നീ ഡി.കെ. ശിവകുമാർ പക്ഷക്കാരും മന്ത്രിമാരാകുമെന്നാണു റിപ്പോർട്ട്.
പാർട്ടി ഹൈക്കമാൻഡ് നിർദേശിച്ച എച്ച്.കെ. പാട്ടീൽ, ശരൺപ്രകാശ് പാട്ടീൽ, ശിവണ്ണ പാട്ടീൽ, എസ്.എസ്. മല്ലികാർജുൻ, ശരണബസപ്പ ദർശനപുര എന്നിവരും മന്ത്രിമാരാകും.