നാർകോ പരിശോധനയിലും അഫ്താബിന്റെ കുറ്റസമ്മതം
Friday, December 2, 2022 1:04 AM IST
ന്യൂഡൽഹി: നാർകോ പരിശോധനയിലും കുറ്റസമ്മതം നടത്തി ശ്രദ്ധ വാക്കർ കൊലക്കേസ് പ്രതി അഫ്താബ് പൂനാവാല. ഡൽഹി രോഹിണിയിലെ ഫോറൻസിക് ലബോറട്ടറിയിൽ രണ്ടു മണിക്കൂർ നീണ്ട പരിശോധനയിലാണ് അഫ്താബ് വീണ്ടും കുറ്റം സമ്മതിച്ചത്.
നവംബർ 22നും 28നുമിടയിൽ പോളിഗ്രാഫ് പരിശോധനയിലെ വെളിപ്പെടുത്തലുകളാണ് അഫ്താബ് ആവർത്തിച്ചത്. വീട്ടുചെലവു സംബന്ധിച്ച തർക്കത്തിൽ പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നാണ് അഫ്താബിന്റെ വെളിപ്പെടുത്തൽ.
നുണപരിശോധനയിലെ വെളിപ്പെടുത്തലുകൾ കോടതിയിൽ തെളിവുകളായി സ്വീകരിക്കില്ലെങ്കിലും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങൾ തെളിവായി സ്വീകരിക്കും. അഫ്താബിന്റെ വെളിപ്പെടുത്തലുകൾ കേസിൽ തെളിയാതെ കിടക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമാകുമെന്നാണ് പോലീസിന്റെ വിശദീകരണം.