വിജയ് മല്യക്കെതിരേയുള്ള കോടതിയലക്ഷ്യക്കേസ്: വാദം കേൾക്കാൻ അവസാന അവസരം
Wednesday, December 1, 2021 2:05 AM IST
ന്യൂഡൽഹി: രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യക്കെതിരേയുള്ള കോടതിയലക്ഷ്യക്കേസിലെ ശിക്ഷയിൽ വാദം കേൾക്കാൻ അവസാന അവസരം നൽകി സുപ്രീംകോടതി. വിജയ് മല്യക്ക് നേരിട്ടെത്തിയോ അഭിഭാഷകൻ മുഖേനയോ തന്റെ വാദം കോടതിയിൽ അവതരിപ്പിക്കാം. കേസിൽ ഇനി ശിക്ഷ മാത്രമാണ് വിധിക്കാനുള്ളതെന്നും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസിൽ ഇതിനോടകം വളരെയേറെ കാത്തിരുന്നു. നാലു വർഷമാണ് കടന്നുപോയതെന്നും കോടതി ചൂണ്ടിക്കാട്ടി. ജനുവരി 18ന് കേസ് വീണ്ടും പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയെ കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ചു.
കോടതിയുത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളർ വകമാറ്റിയതിന് വിജയ് മല്യയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2017 മേയിലാണ് സുപ്രീംകോടതി വിജയ് മല്യയെ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മല്യയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. സ്വത്തുവകകൾ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി. മല്യക്കെതിരേ ബാങ്കുകളുടെ കൂട്ടായ്മ നൽകിയ ഹർജിയിലായിരുന്നു 2017ലെ സുപ്രീംകോടതി ഉത്തരവ്.