കോവിഡ് വാക്സിൻ വീട്ടിൽ നൽകാൻ പദ്ധതിയുമായി രാജസ്ഥാൻ
Monday, June 14, 2021 12:40 AM IST
ന്യൂഡൽഹി: കോവിഡ് വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി രാജസ്ഥാനിലെ ബിക്കാനേർ. രാജ്യത്ത് ആദ്യമായാണ് വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. ഇതിനായി മൂന്ന് പ്രത്യേക വാനുകൾ സജ്ജമാക്കിയതായി ജില്ലാ കളക്ടർ നമിത മേത്ത അറിയിച്ചു.
ഹെൽപ് ലൈനിലൂടെയും മൊബൈൽ ആപ്പിലൂടെയും രജിസ്റ്റർ ചെയ്യുന്നതിന്റെ മുറയ്ക്കാവും വാക്സിൻ വിതരണത്തിനായുള്ള മൊബൈൽ യൂണിറ്റ് ഓരോ സ്ഥലത്തുമെത്തുക. മൊബൈൽ യൂണിറ്റ് എത്തണമെങ്കിൽ ഓരോ സ്ഥലത്തും കുറഞ്ഞത് പത്ത് പേരെങ്കിലും ഉണ്ടായിരിക്കണമെന്നും അധികൃതർ പറയുന്നു.
ആദ്യഘട്ടത്തിൽ 45 വയസിനു മുകളിലുള്ളവർക്കും അതിനു ശേഷം 45 വയസിൽ താഴെയുള്ളവർക്കും വാക്സിൻ വിതരണം ചെയ്യാനാണ് പദ്ധതി. ശനിയാഴ്ച തുടങ്ങിയ പദ്ധതിയിലൂടെ ആദ്യ ദിവസം തന്നെ 367 പേർക്ക് വാക്സിൻ ലഭ്യമാക്കിയതായി പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള ഡോ. നികിത സഹറൻ പറഞ്ഞു.