ഹത്രാസ്: കേസ് ഡൽഹിയിലേക്കു മാറ്റണമെന്നു കുടുംബം
Sunday, October 18, 2020 12:30 AM IST
ന്യൂഡൽഹി: ഹത്രാസിൽ ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് ഡൽഹിയിലേക്ക് മാറ്റണമെന്നു കുടുംബം. കേസ് ഡൽഹിയിലേക്ക് മാറ്റുന്നതിനൊപ്പം തങ്ങളെയും ഡൽഹിയിലേക്കു മാറ്റണമെന്ന് പെണ്‍കുട്ടിയുടെ സഹോദരൻ ആവശ്യപ്പെട്ടു. കേസ് നടത്തുന്നതിനൊപ്പം തങ്ങൾക്ക് ഡൽഹിയിൽ തൊഴിൽ തേടാനും ഇതുവഴി അവസരം ലഭിക്കും.
കഴിഞ്ഞ ദിവസം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അഞ്ജലി ഗാംഗ്വർ ഇന്നലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടു സംസാരിച്ചിരുന്നു. കുടുംബത്തിന്റെ സംരക്ഷണ, നിരീക്ഷണ ചുമതല ഇവർക്കാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് റേഷൻ എത്തിച്ചു നൽകുന്നുണ്ട്. അതിനു പുറമേ അവരുടെ കാലികൾക്ക് തീറ്റയും എത്തിക്കുന്നുണ്ട്. അവരുടെ പ്രതിദിന മെഡിക്കൽ പരിശോധനകളും നടക്കുന്നുണ്ട്. -അഞ്ജലി ഗാംഗ്വർ പറഞ്ഞു.
കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ കഴിഞ്ഞ ദിവസം പ്രതികളിലൊരാളായ ലവ് കുശിന്റെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. വീട് പരിശോധിച്ച സിബിഐ സംഘം ലവ് കുശ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ അടക്കം എടുത്തു കൊണ്ടു പോയെന്നാണ് അയാളുടെ സഹോദരൻ ലളിത് പറഞ്ഞത്. രണ്ട് മണിക്കൂറോളം ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ സിബിഐ സംഘം ലവ് കുശിന്റെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു എന്നാണ് സമീപവാസികളും പറഞ്ഞത്.