കോവിഡിനു മരുന്ന്: മലക്കംമറിഞ്ഞ് ബാബാ രാംദേവ്
Thursday, July 2, 2020 12:26 AM IST
ന്യൂഡൽഹി: കോവിഡ് പൂർണമായി ഭേദപ്പെടുത്തുമെന്ന് അവകാശവാദത്തിൽ മലക്കംമറിഞ്ഞു യോഗ ഗുരു ബാബാ രാംദേവും പതഞ്ജലിയും. പതഞ്ജലിയുടെ കൊറോണിൽ എന്ന മരുന്ന് കോവിഡ് ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണൻ വ്യക്തമാക്കി.
കോവിഡ് ചികിത്സ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും പ്രതിരോധ മരുന്ന് എന്ന നിലയിൽ കൊറോണിൽ കിറ്റ് ഉപയോഗിക്കുന്നതിനു ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് ബാബാ രാംദേവും വിശദമാക്കി. അതേസമയം, കേന്ദ്ര ആയുഷ് മന്ത്രാലയം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു ബാബാ രാംദേവിന്റെയും പതഞ്ജലിയുടെയും മലക്കം മറിച്ചിലെന്നാണു സൂചന.
കോവിഡ് മരുന്ന് എന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ കിറ്റ് വില്പന നടത്തരുതെന്ന് ആയുഷ് മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കോവിഡ്-19 രോഗത്തെ കുറിച്ച് മരുന്നിന്റെ ലേബലിലോ പരസ്യങ്ങളിലോ ഉപയോഗിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.