ഷഹീൻബാഗ്: മധ്യസ്ഥശ്രമം തുടരുന്നു
Saturday, February 22, 2020 12:11 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി റദ്ദാക്കാതെ പിൻമാറുന്ന പ്രശ്നമില്ലെന്ന നിലപാടിൽ ഉറച്ച് ഷഹീൻ ബാഗിലെ സമരക്കാർ. സുപ്രീംകോടതി നിയമിച്ച മധ്യസ്ഥർ ഉൾപ്പെടെയുള്ളവർ ആദ്യം പൗരത്വനിയമം റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യമാണ് അംഗീകരിക്കേണ്ടതെന്നും അവർ ആവർത്തിച്ചു.
നിയമം റദ്ദാക്കാതെ ഇപ്പോൾ സമരമിരിക്കുന്ന റോഡിൽ നിന്നു പിന്മാറില്ലെന്നതാണ് സമരക്കാരുടെ നിലപാട്. അതിനിടെ, സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരും മുതിർന്ന അഭിഭാഷകരുമായ സഞ്ജയ് ഹെഗ്ഡേയും സാധന രാമചന്ദ്രനും മൂന്നാം ദിവസവും സമരക്കാരെ കണ്ടപ്പോഴും അവർ ഇതേ നിലപാടിൽ ഉറച്ചു നിൽക്കുകയാണു ചെയ്തത്. ചർച്ചയ്ക്കുള്ള ഉപാധികൾ തങ്ങൾ തീരുമാനിക്കാമെന്നാണ് മധ്യസ്ഥർ കഴിഞ്ഞ ദിവസം സമരക്കാരോടു പറഞ്ഞത്. എന്നാൽ, ഇത് സ്വീകരിക്കാൻ തയാറല്ലെന്നാണ് വെള്ളിയാഴ്ച സമരക്കാർ പറഞ്ഞത്.
ഉത്തർപ്രദേശിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന മറ്റു റോഡുകൾ തുറന്നിട്ടുണ്ടെന്നും തങ്ങൾ സമരം മാറ്റണമെന്ന് നിർബന്ധിക്കാനാകില്ലെന്നുമാണ് സമരക്കാർ മധ്യസ്ഥരോട് പറഞ്ഞത്. ഇന്നലെ ശിവരാത്രിയാണെന്നും സമരം ചെയ്യുന്നവർക്ക് പറയാനുള്ള എല്ലാക്കാര്യങ്ങളും തുറന്നു പറയാമെന്നുമാണ് സഞ്ജയ് ഹെഗ്ഡെ അവരോട് പറഞ്ഞത്.