ഒമർ അബ്ദുള്ളയുടെ സഹോദരിയുടെ ഹർജിയിൽ നോട്ടീസ്
Saturday, February 15, 2020 12:44 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരേ സഹോദരി സാറ പൈലറ്റ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ സുപ്രീംകോടതി ജമ്മു കാഷ്മീരിന് നോട്ടീസ് അയച്ചു. ഒമർ അബ്ദുള്ളയ്ക്കുമേൽ ദേശീയ സുരക്ഷാ നിയമവും സർക്കാർ ചുമത്തിയിട്ടുണ്ട്.
ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനർജി, എം.എം ശാന്തനഗൗഡർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നോട്ടീസ് അയച്ചത്. 107-ാം വകുപ്പ് പ്രകാരം വീട്ടു തടങ്കലിൽ ആക്കിയിരുന്ന ഒമർ അബ്ദുള്ളയ്ക്കുമേൽ പിന്നീട് ദേശീയ സുരക്ഷാ നിയമം കൂടി ചുമത്തിയ കാര്യം മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
ജമ്മു കാഷ്മീർ അഥോറിറ്റിക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി മൂന്നാഴ്ചയ്ക്കുള്ളിൽ വിഷയം വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.
എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടതോടെ രണ്ടാഴ്ചയ്ക്കുശേഷം പരിണിക്കാമെന്ന് കോടതി അറിയിച്ചു.