അയോധ്യ കേസ്: ജഡ്ജിക്കു വധഭീഷണി
Saturday, August 24, 2019 12:14 AM IST
ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് വിചാരണ നടത്തുന്ന പ്രത്യേക കോടതി ജഡ്ജിക്കു വധഭീഷണി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രത്യേക ജഡ്ജി എസ്.കെ. യാദവ് സുപ്രീംകോടതിയിൽ നൽകിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. കത്ത് അപേക്ഷയായി പരിഗണിച്ച ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാൻ, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ചു. ജഡ്ജി സുരേന്ദ്ര കുമാർ യാദവിനു നൽകിയ ചുമതലയുടെ ഗൗരവം കണക്കിലെടുക്കുന്പോൾ ആവശ്യം ന്യായമാണെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവർക്കെതിരേയുള്ള ക്രിമിനൽ ഗൂഢാലോചന അടക്കം മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വിചാരണ നടക്കുന്നത്. വിചാരണ പൂർത്തിയാകുന്നതു വരെ ദൈനംദിന രീതിയിൽ നടപടികൾ പൂർത്തിയാക്കാനാണ് 2017ൽ സുപ്രീംകോടതി നിർദേശിച്ചിരുന്നത്. അതുവരെ വിചാരണക്കോടതി ജഡ്ജിയെ ചുമതലയിൽനിന്നു മാറ്റരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 30നു ജഡ്ജി വിരമിക്കുമെങ്കിലും വിചാരണ നടപടികൾ പൂർത്തിയാക്കുന്നതു വരെ കാലാവധി നീട്ടിനൽകിയിട്ടുണ്ട്.