ചന്ദ്രാണി മുർമു ഏറ്റവും പ്രായം കുറഞ്ഞ എംപി
Monday, May 27, 2019 12:12 AM IST
ന്യൂഡൽഹി: എൻജിനിയറിംഗ് ബിരുദധാരിയും 25 വയസുമുള്ള ചന്ദ്രാണി മുർമു ആണ് 17-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഒഡീഷയിലെ ഗോത്രവർഗ മേഖലയായ കേവഞ്ജറിൽനിന്നുള്ള ബിജെഡി എംപിയാണ് ചന്ദ്രാണി. 25 വയസും 11 മാസവും ഒൻപത് ദിവസവുമാണ് ചന്ദ്രാണിയുടെ പ്രായം.
രണ്ടു തവണ എംപിയായ ബിജെപി സ്ഥാനാർഥി അനന്ത നായിക്കിനെ 66,203 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ചന്ദ്രാണി മുർമു ലോക്സഭയിലെത്തുന്നത്. അതിനുമുന്‍പ് ആറു തവണ കോണ്‍ഗ്രസിനായിരുന്നു കേവഞ്ജറിൽ വിജയം. മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ ചന്ദ്രാണി, ജോലി അന്വേഷണത്തിനിടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തൊഴിലില്ലായ്മയാണ് തന്റെ മേഖല നേരിടുന്ന പ്രധാന പ്രശ്നമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പരിശ്രമിക്കുമെന്നും അവർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.